ഏഴ് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ആർട്ടിക്കിൾ 370 ചരിത്രത്തിന്റെ ഭാഗമായതെന്നും അത് ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും വികസന യാത്രയിൽ നിർണായക അധ്യായമായി മാറിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിസ്ഥാന സൗകര്യ വികസനം മുതൽ പ്രദേശവാസികളുടെ ജീവിതത്തിൽ വലിയ പരിവർത്തനങ്ങൾക്കാണ് ഈ കാലയളവിൽ രാജ്യം സാക്ഷ്യം വഹിച്ചത്. വിദ്യാഭ്യാസം, ആരോഗ്യം, സംരംഭകത്വം, കായികം തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ ഉയർന്നുവന്നു. പതിറ്റാണ്ടുകളായി ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കപ്പെട്ടിരുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളും സ്ത്രീകളും ഇന്ത്യൻ ഭരണഘടനയുടെ പൂർണ്ണമായ പ്രയോഗത്തിലൂടെ ശാക്തീകരിക്കപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125-ാം ജന്മവാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ ഈ ദിവസത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചു. ദേശീയ ഐക്യത്തിനായുള്ള ഡോ. മുഖർജിയുടെ ആജീവനാന്ത പ്രതിബദ്ധത തലമുറകളെ പ്രചോദിപ്പിക്കുന്നതാണെന്നും, അദ്ദേഹം ഉയർത്തിപ്പിടിച്ച ദർശനങ്ങൾ 2019 ഓഗസ്റ്റ് 5-നാണ് ചരിത്രപരമായ പൂർത്തീകരണം കണ്ടെത്തിയതെന്നും മോദി പറഞ്ഞു. ജമ്മു കശ്മീരിന്റെയും ലഡാക്കിന്റെയും പുരോഗതിക്കായി സർക്കാരിന്റെ അചഞ്ചലമായ പ്രതിബദ്ധത ആവർത്തിച്ച അദ്ദേഹം, വലിയ സ്വപ്നങ്ങൾ കാണാനും അത് സാക്ഷാത്കരിച്ച് ‘വികസിത ഭാരതം’ എന്ന ദർശനത്തിന് സംഭാവന നൽകാനും ഓരോ പൗരനും അവസരമുണ്ടാകണമെന്ന് കൂട്ടിച്ചേർത്തു.



