ലോക്സഭാ സെക്രട്ടേറിയറ്റ് ഡയറക്ടർ ഗൗരവ് ഗൗതമിനെ നോയിഡ സെക്ടർ 82-ലെ കേന്ദ്രീയ വിഹാർ മേഖലയിലുള്ള സ്വന്തം ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സ്വന്തം വീട്ടിലേക്ക് പോയിരുന്ന ഭാര്യ തിരികെയെത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നുകയായിരുന്നു. തുടർന്ന് സെക്യൂരിറ്റി ഗാർഡിന്റെ സഹായത്തോടെ അകത്തുകയറിയപ്പോഴാണ് ഭർത്താവിനെ സീലിംഗ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവസ്ഥലത്തെത്തിയ ഫോറൻസിക് സംഘവും ലോക്കൽ പോലീസും തെളിവുകൾ ശേഖരിക്കുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയക്കുകയും ചെയ്തു. ഫ്ലാറ്റിൽ നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ലഭിച്ച കുറിപ്പിൽ വായ്പയെക്കുറിച്ചുള്ള പരാമർശമുണ്ടെന്ന് വ്യക്തമാക്കിയ പോലീസ്, കേസന്വേഷണത്തിന്റെ ഭാഗമായി ഇതിന്റെ ഉള്ളടക്കം വിശദമായി പരിശോധിച്ചു വരികയാണെന്ന് അറിയിച്ചു.



