ബാങ്കോക്ക്: തായ്ലൻഡ് തലസ്ഥാനമായ ബാങ്കോക്കിന്റെ വടക്കൻ മേഖലയിലെ ഒരു പബ്ബിലുണ്ടായ വൻ തീപിടിത്തത്തിൽ 27 പേർക്ക് ദാരുണാന്ത്യം. വാരാന്ത്യ ആഘോഷങ്ങളുടെ ഭാഗമായി അർധരാത്രിയിൽ പാർട്ടി തകൃതിയായി നടക്കുന്നതിനിടെയുണ്ടായ ദുരന്തത്തിൽ 63 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ പബ്ബിലെ ശുചിമുറികളിൽ അഭയം തേടിയ പലരുമാണ് ശ്വാസം മുട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ട് ഓഫ് സ്വിച്ചിന്റെ ഭാഗത്ത് നിന്നുണ്ടായ തീപ്പൊരി സെക്കന്റുകൾക്കുള്ളിൽ പബ്ബിലാകെ പടരുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ടവർ വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ബാറിൽ വൻതോതിൽ തീ പടരുന്നതിനിടയിൽ സ്ഫോടനങ്ങളുണ്ടായതും പരിഭ്രാന്തരായ ആളുകൾ ജീവനും കൊണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതുമായ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അഗ്നിശമനസേന ഒന്നര മണിക്കൂറിലേറെ കഠിനപ്രയത്നം നടത്തിയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതെങ്കിലും അപ്പോഴേക്കും പബ്ബ് പൂർണ്ണമായി കത്തിനശിച്ചിരുന്നു. അപകടസ്ഥലം നേരിട്ട് സന്ദർശിച്ച തായ്ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ സ്ഥിതിഗതികൾ വിലയിരുത്തി. പബ്ബിലുണ്ടായിരുന്ന എത്രപേരെ കാണാതായിട്ടുണ്ടെന്ന കാര്യത്തിൽ ഇനിയും കൃത്യമായ കണക്കുകൾ ലഭ്യമായിട്ടില്ല. മുൻപ് 2022-ലും ബാങ്കോക്കിലെ ഒരു പബ്ബിലുണ്ടായ സമാനമായ തീപിടിത്തത്തിൽ 14 പേർ മരണപ്പെട്ടിരുന്നു.



