India Mirror News

ഹോർമൂസിൽ യുഎസ്-ഇറാൻ സൈനിക പോര് ശക്തം

ഹോർമൂസിൽ യുഎസ്-ഇറാൻ സൈനിക പോര് ശക്തം

ദുബായ്: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഹോർമൂസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സൈനിക പോർവിളികൾ നേർക്കുനേർ ശക്തമാകുന്നു. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഈ മേഖലയിലൂടെ കടന്നുപോകാനാവില്ലെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയപ്പോൾ, ഹോർമൂസ് ഒരു അന്താരാഷ്ട്ര ജലപാതയാണെന്നും അതിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകൾക്കും പൂർണ്ണ സംരക്ഷണം നൽകാൻ തങ്ങൾ സജ്ജമാണെന്നും അമേരിക്കൻ സെൻട്രൽ കമാൻഡ് തിരിച്ചടിച്ചു. തങ്ങൾക്ക് ഒരു ഡസൻ ആണവ ബോംബുകളേക്കാൾ പ്രാധാന്യമുള്ളതാണ് ഹോർമൂസ് എന്നാണ് ഇറാൻ സൈനിക ഉദ്യോഗസ്ഥരുടെ പ്രസ്താവന. തങ്ങളുടെ പരമോന്നത നേതാവിനെതിരെയുള്ള അമേരിക്കയുടെ വധഭീഷണിക്ക് മുന്നിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത ശക്തമായ തിരിച്ചടി പ്രഖ്യാപിക്കുമെന്ന് ഇറാന്റെ വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെ മേഖലയിൽ വ്യോമാക്രമണങ്ങൾ കടുത്തു.

ഇറാനിലെ ബന്ദൻ അബ്ബാസ്, സിരിക്, ഖഷം മേഖലകളെ ലക്ഷ്യമാക്കി അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ 140-ലേറെ കേന്ദ്രങ്ങളിലാണ് യുഎസ് സെൻട്രൽ കമാൻഡ് ഡ്രോണുകൾ വർഷിച്ചത്. ഈ ആക്രമണത്തിൽ മാഹ്ഷാഹറിലെ വാട്ടർ പമ്പിംഗ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന ഒരാൾ കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് തിരിച്ചടിയായി കുവൈത്തിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ വ്യാപക നാശനഷ്ടങ്ങളുണ്ടാവുകയും ഡ്രോൺ പതിച്ച് ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഖത്തറിലുണ്ടായ ആക്രമണത്തിൽ ഒരു കുട്ടിയടക്കം മൂന്ന് പേർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഹോർമൂസ് കടലിടുക്കിൽ ‘ജി എഫ് എസ് ഗാലക്സി’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടതോടെയാണ് നിലവിലെ സംഘർഷാവസ്ഥ ഇത്രത്തോളം രൂക്ഷമായത്. ഇതിനിടെ ജോർദാനിലെ ആയുധപ്പുരയും ഇന്ധന ടാങ്കുകളും, ബഹ്‌റൈനിലെ ഡ്രോൺ കമാൻഡ് സെന്ററും ഹെലികോപ്റ്റർ ഓവർഹോൾ കേന്ദ്രവും തങ്ങൾ തകർത്തതായി ഇറാൻ അവകാശപ്പെട്ടു.

മേഖലയിൽ സംഘർഷം കടുത്തതോടെ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. മുൻപ് സമാധാന കരാർ നിലവിലിരുന്ന സമയത്ത് ബാരലിന് 65 ഡോളർ വരെ താഴ്ന്നിരുന്ന എണ്ണവില, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം നാല് ശതമാനം വർധിച്ച് നിലവിൽ 79 ഡോളറിലെത്തി. ബ്രെന്റ് ക്രൂഡിന്റെ വില ഇതിനോടകം തന്നെ 80 ഡോളറിൽ മുട്ടിനിൽക്കുകയാണ്. ഹോർമൂസ് ജലപാത പൂർണ്ണമായും നിശ്ചലമാകുന്ന സാഹചര്യമുണ്ടായാൽ വരും ദിവസങ്ങളിൽ എണ്ണവില ഇനിയും കുത്തനെ ഉയർന്നേക്കുമെന്നാണ് സാമ്പത്തിക രംഗത്തെ ആശങ്കകൾ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *