അമേരിക്കൻ മണ്ണിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോളിൽ നിന്ന് ഇറാൻ ഔദ്യോഗികമായി പിന്മാറി. തങ്ങളുടെ പരമോന്നത നേതാവിനെ വധിച്ച അമേരിക്ക വേദിയാകുന്ന ടൂർണമെന്റിൽ പങ്കെടുക്കില്ലെന്ന് ഇറാന്റെ കായിക മന്ത്രി അഹമ്മദ് ഡോയാൻമാലി വ്യക്തമാക്കി. കഴിഞ്ഞ ഒൻപത് മാസത്തിനിടെ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ രണ്ട് പ്രത്യാക്രമണങ്ങളിൽ നിരവധി പൗരന്മാർ കൊല്ലപ്പെട്ട സാഹചര്യത്തിൽ, സുരക്ഷാ-നയതന്ത്ര കാരണങ്ങളാൽ ടീമിനെ അയക്കാൻ സാധിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ലോസ് ഏഞ്ചൽസ്, സിയാറ്റിൽ തുടങ്ങിയ അമേരിക്കൻ നഗരങ്ങളിലാണ് ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്. എന്നാൽ തങ്ങളുടെ താരങ്ങൾ അവിടെ സുരക്ഷിതരല്ലെന്നും കളിക്കാനുള്ള

സാഹചര്യം നിലവിലില്ലെന്നും കായിക മന്ത്രി ചൂണ്ടിക്കാട്ടി. ഇറാൻ ഫുട്ബോൾ ഫെഡറേഷൻ നേരത്തെ തന്നെ പങ്കാളിത്തത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നുവെങ്കിലും ബഹിഷ്കരണ പ്രഖ്യാപനം ഇപ്പോഴാണ് ഉണ്ടാകുന്നത്.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ഇറാനിയൻ ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ നിന്ന് രാഷ്ട്രീയ കാരണങ്ങളാൽ ഇറാൻ വിട്ടുനിൽക്കുന്നത് കായിക ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ഫിഫയുടെ ചട്ടപ്രകാരം അവസാന നിമിഷം പിന്മാറുന്നത് ടീമിന് വലിയ പിഴയും ഭാവിയിൽ വിലക്കും ലഭിക്കാൻ കാരണമായേക്കും. രാഷ്ട്രീയ വൈരം കളി മൈതാനങ്ങളിലേക്ക് പടരുന്നത് ടൂർണമന്റിന്റെ ശോഭ കെടുത്തുമെന്ന ആശങ്കയും കായിക പ്രേമകൾക്കിടയിലുണ്ട്.



