India Mirror News

21-ാം വയസ്സിൽ ക്രിക്കറ്റ് മടുത്ത് വൈഭവ് വിരമിക്കും; സൂര്യവംശിക്ക് ടീം ഇന്ത്യയിലേക്ക് വിളി

21-ാം വയസ്സിൽ ക്രിക്കറ്റ് മടുത്ത് വൈഭവ് വിരമിക്കും; സൂര്യവംശിക്ക് ടീം ഇന്ത്യയിലേക്ക് വിളി

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വിസ്മയമായി മാറിയ 15-കാരൻ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് പ്രകടനങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം. സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ വെറും 36 പന്തിൽ സെഞ്ച്വറി നേടി റെക്കോർഡിട്ട വൈഭവിനെക്കുറിച്ച് മുൻ ഇംഗ്ലീഷ് താരങ്ങൾ നടത്തിയ വിചിത്രമായ നിരീക്ഷണങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. വൈഭവ് ഇതേ വേഗതയിലാണ് മുന്നേറുന്നതെങ്കിൽ 21 വയസ്സാകുമ്പോഴേക്കും ക്രിക്കറ്റ് കളിച്ച് മടുത്ത് താരം വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്നാണ് ‘സ്റ്റിക് ടു ക്രിക്കറ്റ്’ എന്ന പോഡ്‌കാസ്റ്റിൽ മുൻ ഇംഗ്ലീഷ് ക്യാപ്റ്റന്മാരായ മൈക്കൽ വോൺ, അലിസ്റ്റർ കുക്ക് തുടങ്ങിയവർ അഭിപ്രായപ്പെട്ടത്.

വൈഭവിന്റെ അസാമാന്യ ബാറ്റിംഗ് മികവിനെ പ്രശംസിച്ച മൈക്കൽ വോൺ, ക്രിസ് ഗെയ്‌ലിന്റെ 30 പന്തിലെ സെഞ്ച്വറി റെക്കോർഡിന് വെല്ലുവിളിയാകാൻ വൈഭവിന് ഇതിനകം കഴിഞ്ഞുവെന്നും അഭിഷേക് ശർമ്മയുടെ സിക്സർ റെക്കോർഡിന് തൊട്ടരികിലാണ് താരമെന്നും ചൂണ്ടിക്കാട്ടി. നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സിക്സർ ഹിറ്റർ വൈഭവാണെന്നാണ് അലിസ്റ്റർ കുക്കിന്റെ വിലയിരുത്തൽ. എന്നാൽ, ഈ കരിയർ ഗ്രാഫ് ഇതേപോലെ തുടർന്നാൽ 21-ാം വയസ്സിൽ താരം ‘ബേൺ ഔട്ട്’ ആകാൻ സാധ്യതയുണ്ടെന്ന് മുൻ സ്പിന്നർ ഫിൽ ടഫ്‌നൽ പ്രവചിച്ചു. അപ്പോഴേക്കും ആവശ്യത്തിന് പണം സമ്പാദിച്ചു കഴിഞ്ഞിട്ടുണ്ടാകുമെന്നും സമാധാനമായി വിരമിക്കാൻ വൈഭവ് തീരുമാനിച്ചേക്കാമെന്നും വോൺ ഇതിനോട് തമാശരൂപേണ പ്രതികരിക്കുകയും ചെയ്തു. എങ്കിലും വൈഭവിന്റെ പ്രതിഭയെ മാനിച്ചുകൊണ്ട്, ഉടൻ നടക്കാനിരിക്കുന്ന ഇന്ത്യയുടെ അയർലൻഡ്-ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിൽ താരത്തെ ഉൾപ്പെടുത്തണമെന്നും വോൺ ആവശ്യപ്പെട്ടു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *