തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നാടകീയ നീക്കങ്ങൾക്കൊടുവിൽ വിജയ്യുടെ തമിഴക വെട്രി കഴകം (ടിവികെ) ഭരണമുറപ്പിച്ചു. ഗവർണർ ഭരണമെന്ന ബിജെപി നീക്കത്തെ തടയാനായി ഡിഎംകെ സഖ്യകക്ഷികളായ സിപിഐഎം, സിപിഐ, വിസികെ പാർട്ടികൾ ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണിത്. 118 എംഎൽഎമാരുടെ പിന്തുണയോടെ കേവല ഭൂരിപക്ഷം തികച്ച വിജയ് ഉടൻ ഗവർണറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും. തങ്ങൾ പുറത്തുനിന്ന് പിന്തുണ നൽകുമെന്നും ഭരണത്തിൽ പങ്കാളികളാവില്ലെന്നും സിപിഐഎം-സിപിഐ നേതാക്കൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് ബിജെപിയുടെ പരോക്ഷ ഭരണം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്നും അവർ കൂട്ടിച്ചേർത്തു.
നേരത്തെ കോൺഗ്രസും സിപിഐയും പിന്തുണ അറിയിച്ചതോടെ 116 സീറ്റുകളിലേക്ക് ടിവികെ എത്തിയിരുന്നു. പിന്നാലെ സിപിഐഎമ്മും വിസികെയുടെ രണ്ട് എംഎൽഎമാരും കൂടി നിലപാട് വ്യക്തമാക്കിയതോടെയാണ് 118 എന്ന മാന്ത്രിക സംഖ്യയിലേക്ക് വിജയ് എത്തിയത്. മതേതരവും സുസ്ഥിരവുമായ ഒരു ജനാധിപത്യ ഭരണത്തിന് ഉപാധികളില്ലാത്ത പിന്തുണയാണ് നൽകുന്നതെന്ന് സിപിഐ നേതാവ് ഡി. രാജ അറിയിച്ചു. വിസികെ നേതാവ് തിരുമാവളവന് മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന സൂചനകൾക്കിടെ, തങ്ങളെ പിന്തുണയ്ക്കുന്ന പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകുമെന്നും എൻഡിഎയുമായി ബന്ധമുണ്ടാവില്ലെന്ന ഉറപ്പും ടിവികെ നൽകിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നിരിക്കെ വിജയ് ഇന്ന് വീണ്ടും ഗവർണറെ സന്ദർശിക്കും.



