ആത്മശുദ്ധീകരണത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സന്ദേശവുമായി വിശ്വാസികൾ പുണ്യമായ റമദാൻ വ്രതകാലത്തിലേക്ക് പ്രവേശിക്കുന്നു. പകൽ മുഴുവൻ ആഹാരപാനീയങ്ങൾ വെടിഞ്ഞുള്ള വ്രതാനുഷ്ഠാനത്തിലൂടെയും രാത്രിയിലെ സജീവമായ പ്രാർത്ഥനകളിലൂടെയും ഖുർആൻ പാരായണത്തിലൂടെയും വിശ്വാസികൾ ഈ മാസത്തെ പവിത്രമാക്കുന്നു. .
തിന്മകളിൽ നിന്ന് വിട്ടുനിൽക്കാത്തവന്റെ നോമ്പ് വെറും വിശപ്പ് മാത്രമായിരിക്കുമെന്ന പ്രവാചക വചനം മുറുകെപ്പിടിച്ച്, മറ്റുള്ളവന്റെ വേദന സ്വന്തമായി ഏറ്റെടുക്കുന്ന കരുണയുടെ മുപ്പത് ദിനങ്ങളാണ് ഇനി വിശ്വാസികൾക്ക് മുന്നിലുള്ളത്. വരും വർഷത്തേക്കാവശ്യമായ ആത്മീയ ഊർജ്ജം സംഭരിക്കാനുള്ള കാലം കൂടിയായാണ് ഈ മാസം വിഭാവനം ചെയ്യപ്പെടുന്നത്.

പരിശുദ്ധ ഖുർആൻ അവതരിച്ച മാസം എന്ന പ്രത്യേകതയാണ് റമദാനിന് ഇത്രയേറെ പവിത്രത നൽകുന്നത്. ഈ മാസത്തിൽ ചെയ്യുന്ന ഓരോ പുണ്യകർമ്മങ്ങൾക്കും സ്രഷ്ടാവ് പതിന്മടങ്ങ് പ്രതിഫലം നൽകുമെന്ന വിശ്വാസം വ്രതാനുഷ്ഠാനത്തിന് കൂടുതൽ കരുത്തേകുന്നു. വിശുദ്ധ മാസത്തെ വരവേൽക്കാൻ പള്ളികളും വീടുകളും നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. വരും ദിവസങ്ങളിൽ വിവിധ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തിൽ മതപ്രഭാഷണങ്ങളും ആത്മീയ സംഗമങ്ങളും നാടിന്റെ വിവിധ ഭാഗങ്ങളിൽ നടക്കും. ആത്മനിയന്ത്രണത്തിലൂടെയും പ്രാർത്ഥനയിലൂടെയും മാനവികതയുടെ വലിയ പാഠങ്ങൾ ഉൾക്കൊള്ളുന്ന ഈ പുണ്യകാലം വിശ്വാസി സമൂഹത്തിന് പ്രത്യാശയുടെയും പവിത്രതയുടെയും നാളുകളാണ് സമ്മാനിക്കുന്നത്.



