തമിഴ് സൂപ്പർതാരം വിജയ് നായകനായ ‘ജനനായകൻ’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട തർക്കത്തിൽ നിർമ്മാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിന് സുപ്രീംകോടതിയിൽ നിന്നും തിരിച്ചടി നേരിട്ടു. മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടിക്കെതിരെ നൽകിയ ഹർജിയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

നിലവിൽ വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണെന്നും അവിടെത്തന്നെ തീരുമാനമുണ്ടാകട്ടെ എന്നും കോടതി വ്യക്തമാക്കി. സിനിമയ്ക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് അടിയന്തരമായി നൽകണമെന്നായിരുന്നു നിർമ്മാതാക്കളുടെ ആവശ്യം.
ചിത്രം റിലീസ് വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്ന് അവർ കോടതിയെ അറിയിച്ചെങ്കിലും, സെൻസർ ബോർഡ് ചിത്രം പുനഃപരിശോധനാ കമ്മിറ്റിക്ക് വിട്ട ഉത്തരവ് ഹർജിയിൽ ചോദ്യം ചെയ്തിട്ടില്ലെന്ന സാങ്കേതിക വശം കോടതി ചൂണ്ടിക്കാട്ടി.
ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന പരാതിയെത്തുടർന്നാണ് സെൻസർ ബോർഡ് വിഷയം പുനഃപരിശോധനയ്ക്ക് വിട്ടത്. സിനിമയ്ക്ക് യു.എ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തതോടെയാണ് നിർമ്മാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്.
സിംഗിൾ ബെഞ്ച് ഈ കേസിൽ തിടുക്കത്തിൽ തീരുമാനമെടുത്തു എന്ന നിരീക്ഷണവും സുപ്രീംകോടതി നടത്തിയിട്ടുണ്ട്. എങ്കിലും നിർമ്മാതാക്കളുടെ അഭ്യർത്ഥന കണക്കിലെടുത്ത്, അപ്പീലിൽ ഈ മാസം 20-നകം തീരുമാനമെടുക്കാൻ മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് സുപ്രീംകോടതി നിർദ്ദേശം നൽകി. ഈ മാസം ഒൻപതിന് തിയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ചിത്രം ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.



