India Mirror News

വിജയ്‌യുടെ ‘ജനനായകന്’ വഴിതുറക്കുന്നു; ‘A’ സർട്ടിഫിക്കറ്റോടെ ജൂലൈ അവസാന വാരം തിയേറ്ററുകളിലേക്ക്.

വിജയ്‌യുടെ ‘ജനനായകന്’ വഴിതുറക്കുന്നു; ‘A’ സർട്ടിഫിക്കറ്റോടെ ജൂലൈ അവസാന വാരം തിയേറ്ററുകളിലേക്ക്.

ചെന്നൈ: സൂപ്പർതാരം വിജയ് നായകനാകുന്ന തമിഴ് ചിത്രം ‘ജനനായകന്റെ’ റിലീസുമായി ബന്ധപ്പെട്ട് ഏറെ നാളായി നിലനിന്നിരുന്ന പ്രതിസന്ധികൾക്ക് ഒടുവിൽ പരിഹാരമാകുന്നു. ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയെന്ന ആശ്വാസകരമായ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ചിത്രത്തിന് ‘A’ (അഡൽറ്റ്സ് ഒൺലി) സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്. സെൻസർ സർട്ടിഫിക്കറ്റ് ഒരാഴ്ചയ്ക്കുള്ളിൽ നിർമാതാക്കൾക്ക് കൈമാറുമെന്നും, അങ്ങനെയെങ്കിൽ ജൂലൈ അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തിക്കാൻ സാധിക്കുമെന്നുമാണ് സിനിമാ ലോകത്തെ പ്രമുഖ ട്രാക്കർമാർ വ്യക്തമാക്കുന്നത്. തെലുങ്കിൽ നന്ദമൂരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹിറ്റ് ചിത്രം ‘ഭഗവന്ത് കേസരി’യുടെ ഔദ്യോഗിക റീമേക്കാണ് ജനനായകൻ എന്നാണ് സിനിമാ മേഖലയിൽ നിന്നുള്ള സൂചനകൾ.

നേരത്തെ ജനുവരി 9-ന് പൊങ്കൽ റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രത്തിന് സെൻസർ ബോർഡ് അനുമതി നിഷേധിച്ചതോടെയാണ് റിലീസ് അനിശ്ചിതത്വത്തിലാവുകയും വിഷയം നിയമപോരാട്ടത്തിലേക്ക് നീങ്ങുകയും ചെയ്തത്. സിനിമയ്ക്ക് ‘U/A’ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ട സിംഗിൾ ബെഞ്ച് വിധി മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതോടെ ആരാധകർ വലിയ നിരാശയിലായിരുന്നു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വലിയൊരു താരനിര അണിനിരക്കുന്നുണ്ട്. കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെ.യുമാണ് സഹനിർമാണം നിർവഹിക്കുന്നത്. പുതിയ സെൻസർ അനുമതിയോടെ ചിത്രം ഉടൻ തന്നെ തിയേറ്ററുകളിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *