ചെന്നൈ: തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സ്പോർട്സ് ഡ്രാമ ചിത്രം ‘ഗാട്ട കുസ്തി 2’ സെൻസറിങ് നടപടികൾ പൂർത്തിയാക്കി തിയേറ്ററുകളിലേക്ക് എത്തുന്നു. വിഷ്ണു വിശാൽ, ഐശ്വര്യ ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെല്ല അയ്യാവു സംവിധാനം ചെയ്ത ഈ ചിത്രത്തിന് ക്ലീൻ ‘U’ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. ചിത്രം വരും ദിവസങ്ങളിൽ, അതായത് ജൂലൈ 3-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. പ്രമുഖ വിതരണ കമ്പനിയായ ഇ4 എന്റർടെയ്ൻമെന്റ് (E4 Entertainment) ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. വേൽസ് ഫിലിം ഇന്റർനാഷണലും വിഷ്ണു വിശാൽ സ്റ്റുഡിയോസും സംയുക്തമായാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായി മാറിയ ആദ്യ ഭാഗത്തിന്റെ തുടർച്ചയായി തന്നെയാണ് രണ്ടാം ഭാഗവും കഥ പറയുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. വിഷ്ണു വിശാലും ഐശ്വര്യ ലക്ഷ്മിയും അവതരിപ്പിക്കുന്ന വീര, കീർത്തി എന്നീ കഥാപാത്രങ്ങളും അവരുടെ മകളും അടങ്ങുന്ന കുടുംബത്തിൽ ഉണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. സ്പോർട്സ്, ആക്ഷൻ, കോമഡി, ഫാമിലി ഡ്രാമ, ഇമോഷൻ എന്നിവയെല്ലാം ഒന്നിനൊന്ന് ഒപ്പത്തിനൊപ്പം കോർത്തിണക്കിയ ഒരു പക്കാ ഫാമിലി എന്റർടെയ്നർ ആയിരിക്കും ഇതെന്ന് ഇതിനകം പുറത്തിറങ്ങിയ ടീസറും ട്രെയ്‌ലറും ഗാനങ്ങളും അടിവരയിടുന്നു. ചിത്രത്തിലെ പാട്ടുകളെല്ലാം ഇതിനോടകം തന്നെ വലിയ ഹിറ്റുകളായി മാറിയിട്ടുണ്ട്. രമ്യാ കൃഷ്ണൻ, മോക്ഷ, കരുണാസ്, കാളി വെങ്കട്, യോഗി ബാബു, കരുണാകരൻ, മുനിസ്കാന്ത്, സാറ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നത്.



