തമിഴിൽ വൻ വിജയം നേടിയ ‘അമരൻ’ എന്ന ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം ‘ഓം’ നവംബർ 20-ന് തിയേറ്ററുകളിലെത്തും. ധനുഷ് നായകനാകുന്ന ചിത്രത്തിൽ മമ്മൂട്ടി, സായ് പല്ലവി, ശ്രീലീല, നസീറുദ്ദീൻ ഷാ എന്നിവരും പ്രധാന വേഷങ്ങളിൽ അണിനിരക്കുന്നുണ്ട്. എ.ജി.എസ് സിനിമാസ് ആണ് ചിത്രത്തിന്റെ തമിഴ്നാട് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ധനുഷിന്റെ കരിയറിലെ 55-ാം ചിത്രമായ ഇതിന് ‘ഡി 55’ എന്നായിരുന്നു വർക്കിംഗ് ടൈറ്റിൽ നൽകിയിരുന്നത്. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസും ആർ ടേക്ക് സ്റ്റുഡിയോസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് റിലീസിനെത്തുന്നത്. മുൻപ് ഒക്ടോബർ 16-ന് റിലീസ് ചെയ്യാനിരുന്ന ചിത്രം രജനികാന്തിന്റെ ‘ജയിലർ 2’ റിലീസ് ചെയ്തതിനെ തുടർന്നാണ് നവംബർ 20-ലേക്ക് മാറ്റിവെച്ചത്.
എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു തമിഴ് ചിത്രത്തിന്റെ ഭാഗമാകുന്നത്. 2018-ൽ റാം സംവിധാനം ചെയ്ത ‘പേരൻപ്’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടി അവസാനമായി തമിഴിൽ അഭിനയിച്ചത്. ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഇതിൽ അവതരിപ്പിക്കുന്നത്. കൂടാതെ, 32 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും ബോളിവുഡ് താരം നസീറുദ്ദീൻ ഷായും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 1994-ൽ പുറത്തിറങ്ങിയ ‘പൊന്തൻമാട’ എന്ന ചിത്രത്തിലാണ് ഇരുവരും ഇതിന് മുൻപ് ഒന്നിച്ചത്. രണ്ടു ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് ‘ഓം ചാപ്റ്റർ 1, ഉധിരം: ദി ബ്ലഡ് വുഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്. സായ് അഭയങ്കർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.



