വാഹന മോഡിഫിക്കേഷനുമായി ബന്ധപ്പെട്ട് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹന വകുപ്പിന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷനുകൾ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്നതാണ് പുതിയ ഉത്തരവ്. ആർ.സിയിൽ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റുക, ഒരേ മോഡലിലുള്ള എൻജിൻ മാറ്റിവയ്ക്കുക, ഒരേ മോഡലുള്ള ഷാസി മാറ്റിസ്ഥാപിക്കുക, ബോഡി ഘടന പരിഷ്കരിക്കുക, അനുയോജ്യമായ പ്രത്യേക വാഹനങ്ങളാക്കി മാറ്റുക തുടങ്ങിയ മാറ്റങ്ങൾക്കാണ് ഗതാഗതവകുപ്പ് അനുമതി നൽകുന്നത്.
1988-ലെ മോട്ടോർ വാഹന നിയമത്തിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾ പാലിച്ചുകൊണ്ട് വേണം ഈ മാറ്റങ്ങൾ വരുത്താൻ. വരുത്തുന്ന മാറ്റങ്ങൾ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർ.സി) രേഖപ്പെടുത്തേണ്ട ചുമതല റജിസ്റ്ററിങ് അതോറിറ്റിക്കായിരിക്കും. അതേസമയം, നിർദ്ദേശിച്ചിട്ടുള്ള ഈ മാറ്റങ്ങൾ ഒഴികെയുള്ള മറ്റെല്ലാ തരത്തിലുള്ള മോഡിഫിക്കേഷനുകൾക്കും, മുൻകൂർ അനുമതിയില്ലാതെ വാഹനങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾക്കും പൂർണ്ണ നിരോധനമേർപ്പെടുത്തിയിട്ടുണ്ടെന്നും എം.വി.ഡി ഉത്തരവിൽ വ്യക്തമാക്കുന്നു.



