കേരള സർവകലാശാല ആസ്ഥാനത്ത് ദേശീയ കായിക ദിനാചരണ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ വൻ സംഘർഷം. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലും ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും എസ്എഫ്ഐ കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മൂന്ന് വനിതാ പ്രവർത്തകർക്ക് പരിക്കേറ്റു. ഇവർക്ക് തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. പ്രകോപനമൊന്നുമില്ലാതെ പൊലീസ് തങ്ങളെ വളഞ്ഞിട്ട് തല്ലുകയായിരുന്നുവെന്ന് പരിക്കേറ്റ പ്രവർത്തകർ ആരോപിച്ചു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ പ്രഖ്യാപിച്ചു.
യൂണിവേഴ്സിറ്റി കോളജിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറോളം പ്രവർത്തകരാണ് പങ്കെടുത്തത്. സർവകലാശാല ആസ്ഥാനത്തെ പ്രധാന കവാടത്തിന് മുന്നിൽ പൊലീസ് ഉയർത്തിയ ബാരിക്കേഡിന് മുകളിൽ കയറി പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെയാണ് സ്ഥിതിഗതികൾ പ്രക്ഷുബ്ധമായത്. തുടർന്ന് പൊലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിക്കുകയായിരുന്നു. പ്രോട്ടോക്കോൾ ചൂണ്ടിക്കാട്ടി വന്ദേമാതരം ആലപിക്കുന്ന യുഡിഎഫ് സർക്കാർ നാളെ ക്യാബിനറ്റ് യോഗത്തിലും വന്ദേമാതരം മുഴുവനായി പാടുമോ എന്ന് എസ്എഫ്ഐ നേതാക്കൾ പരിഹസിച്ചു.



