പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ, സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് യോഗങ്ങൾ നാളെ ഡൽഹിയിൽ ചേരും. പാർട്ടി ആസ്ഥാനമായ അജോയ് ഭവനിൽ വൈകിട്ട് 6 മണിക്ക് നടക്കാനിരിക്കുന്ന അടിയന്തിര യോഗത്തിൽ ജനറൽ സെക്രട്ടറി ഡി. രാജയും കേരളത്തിൽ നിന്നുള്ള കേന്ദ്ര നേതാക്കളും പങ്കെടുക്കും. സംസ്ഥാനത്ത് സിപിഎം-സിപിഐ ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക കൂടിക്കാഴ്ച.
പാർട്ടി ഉന്നയിച്ച ആവശ്യങ്ങൾ തുടർച്ചയായി അവഗണിക്കുന്ന സിപിഐഎം നിലപാടിൽ കടുത്ത അമർഷമുള്ള സിപിഐ, നാളത്തെ യോഗത്തോടെ നിലപാട് കൂടുതൽ കടുപ്പിക്കാനാണ് സാധ്യത. തങ്ങളുടെ ആവശ്യങ്ങളിൽ ഇതുവരെ യാതൊരു വിട്ടുവീഴ്ചയ്ക്കും സിപിഐഎം തയ്യാറായിട്ടില്ലെന്ന വിഷയം യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. വിഷയത്തിൽ പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്ന് മുൻ മന്ത്രി കെ. രാജൻ വ്യക്തമാക്കിയതോടെ ഇരു പാർട്ടികളും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുകയാണ്.



