India Mirror News

മന്ത്രി റോജി എം. ജോണിന്റെ വിമർശനം: ‘അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് തിരിച്ചയക്കൽ അനുവദിക്കില്ല; ഭരണഘടനാപരമായ തുല്യത റദ്ദാക്കാൻ ആർക്കും ലൈസൻസില്ല’

മന്ത്രി റോജി എം. ജോണിന്റെ വിമർശനം: ‘അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് തിരിച്ചയക്കൽ അനുവദിക്കില്ല; ഭരണഘടനാപരമായ തുല്യത റദ്ദാക്കാൻ ആർക്കും ലൈസൻസില്ല’

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ. അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആവർത്തിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ റദ്ദാക്കാൻ ആർക്കും ലൈസൻസില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ലിംഗ, ജാതി, മത ഭേദമന്യേയുള്ള തുല്യനീതിയിലാണ് രാജ്യം നിലനിൽക്കുന്നത്. ദ്രൗപതി മുർമു എന്ന വനിതയാണ് ഇന്ത്യയെ നയിക്കുന്നതെന്നും ചരിത്രത്തിന്റെ ചക്രം മുന്നോട്ടാണ് തിരിയുന്നതെന്നും, അതിനെ പിന്നോട്ട് തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയുമാണ് സ്ത്രീകൾ സാമൂഹിക മുന്നേറ്റം നേടിയെടുത്തതെന്ന് ഓർമ്മിപ്പിച്ച മന്ത്രി, ആര്യ പള്ളം, ദാക്ഷായണി വേലായുധൻ, അക്കാമ്മ ചെറിയാൻ, സാവിത്രിഭായ് ഫൂലെ തുടങ്ങിയവരുടെ ചരിത്രപരമായ പോരാട്ടങ്ങളെ കുറിപ്പിൽ പരാമർശിച്ചു. ബഹിരാകാശത്തു വരെ സാന്നിധ്യമറിയിച്ച സുനിത വില്യംസ്, ഇന്ദിരാ ഗാന്ധി, സോണിയ ഗാന്ധി, ജെസിന്ത ആർഡൻ തുടങ്ങി ആഗോളതലത്തിൽ കഴിവ് തെളിയിച്ച വനിതകളെയും അദ്ദേഹം എടുത്തുപറഞ്ഞു. സിവിൽ സർവീസ്, ശാസ്ത്ര സാങ്കേതിക മേഖലകൾ എന്നിവയ്ക്കു പുറമേ കേരള നിയമസഭയെ നിയന്ത്രിക്കുന്ന ഡെപ്യൂട്ടി സ്പീക്കർ അഡ്വ. ഷാനിമോൾ ഉസ്മാൻ, മന്ത്രി കെ.എ. തുളസി ടീച്ചർ, അഡ്വ. ബിന്ദു കൃഷ്ണ എന്നിവരെയും ഉദാഹരിച്ചുകൊണ്ട്, സ്ത്രീകൾ നേടിയെടുത്ത പൊതുമണ്ഡലത്തിലെ അവകാശങ്ങളെ പിന്നോട്ടടിക്കാൻ ആർക്കും സാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *