സെക്രട്ടേറിയറ്റിന് മുന്നിൽ യു.പി.എസ്.ടി (UPST) ഉദ്യോഗാർഥികൾ നടത്തിവന്ന സമരം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനുമായി നടത്തിയ വിജയകരമായ ചർച്ചയെ തുടർന്ന് അവസാനിപ്പിച്ചു. വിഷയത്തിൽ ശാശ്വതമായ പ്രശ്നപരിഹാരത്തിനായി 45 ദിവസത്തെ സാവകാശമാണ് സർക്കാർ ഉദ്യോഗാർഥികളോട് തേടിയിട്ടുള്ളത്. ഭാവിയിൽ ഒഴിവുകൾ കൃത്യമായി തിട്ടപ്പെടുത്താതെ പി.എസ്.സി നോട്ടിഫിക്കേഷൻ ഇറക്കുന്നത് ഒഴിവാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിനുപുറമേ, മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലും ഫിഷറീസ് സ്കൂളുകളിലും യു.പി അധ്യാപക നിയമനം നടത്തുന്നതിനെക്കുറിച്ച് പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതിനൊപ്പം നിലവിലെ റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിഗണിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ നൽകിയ വാഗ്ദാനങ്ങൾ സമയബന്ധിതമായി പാലിച്ചില്ലെങ്കിൽ വീണ്ടും ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്നാണ് ഉദ്യോഗാർഥികളുടെ നിലപാട്.
2025 ഒക്ടോബറിലാണ് യു.പി.എസ്.ടി റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. ലിസ്റ്റ് പ്രസിദ്ധീകരിച്ച് ആദ്യ അധ്യയന വർഷം പൂർത്തിയായിട്ടും റാങ്ക് പട്ടികയിൽ നിന്ന് ഒരാൾക്ക് പോലും ഇതുവരെ നിയമനം ലഭിച്ചിട്ടില്ലെന്നതാണ് ഉദ്യോഗാർഥികളെ സമരത്തിലേക്ക് നയിച്ചത്. പല സ്കൂളുകളിലും വിദ്യാർത്ഥികളുടെ എണ്ണം വർധിച്ച പശ്ചാത്തലത്തിൽ, അതനുസരിച്ച് വിദ്യാർത്ഥി-അധ്യാപക അനുപാതം പുനർനിശ്ചയിച്ച് ഒഴിവുകൾ സൃഷ്ടിച്ച് നിയമനം നടത്തണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.



