എസ്.എസ്.എൽ.സി പരീക്ഷാ സർട്ടിഫിക്കറ്റ് തിരുത്തുന്നതിനും ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനും നേരിടുന്ന കടുത്ത കാലതാമസം സംബന്ധിച്ച പരാതികളെ തുടർന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ പരീക്ഷാ ഭവനിൽ മിന്നൽ പരിശോധന നടത്തി. കേന്ദ്രത്തിലെത്തിയ അപേക്ഷകരിൽ നിന്ന് നേരിട്ട് പരാതികൾ കേട്ടറിഞ്ഞ മന്ത്രി, നിലവിലുള്ള രണ്ടു മുതൽ മൂന്നു മാസം വരെയുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ അടിയന്തര നടപടികൾക്ക് നിർദ്ദേശം നൽകി. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ സ്കൂളുകളിൽ നേരിട്ടുപോയി തിരുത്തിക്കൊണ്ടുവരുന്നതാണ് കാലതാമസത്തിന് കാരണമാകുന്നതെന്ന് ജീവനക്കാർ വ്യക്തമാക്കിയതോടെ, ഇതിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ മന്ത്രി ആവശ്യപ്പെട്ടു.
പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി പരീക്ഷാ ഭവനിലേക്ക് അടിയന്തരമായി 60 ലാപ്ടോപ്പുകൾ അനുവദിച്ചതായി പ്രഖ്യാപിച്ച മന്ത്രി, അപേക്ഷ ലഭിച്ച് 15 ദിവസത്തിനകം സർട്ടിഫിക്കറ്റുകൾ നൽകണമെന്ന് കർശന നിർദ്ദേശം നൽകി. പരീക്ഷാ ഭവനിലെ റിസപ്ഷനിലെ ഫോണുകൾ ആളുകൾ വിളിക്കുമ്പോൾ എടുക്കുന്നില്ലെന്ന പരാതി സത്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് അപേക്ഷകർക്ക് കൃത്യമായ വിവരങ്ങൾ നൽകാൻ റിസപ്ഷനിലും സൂപ്രണ്ടുമാർക്കും മൊബൈൽ ഫോൺ സൗകര്യം ഉറപ്പാക്കാൻ നിർദ്ദേശിച്ചു. കൂടാതെ തിരക്ക് ഒഴിവാക്കാൻ കൗണ്ടറുകളിൽ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്നും, ഈ നടപടികളെല്ലാം പരീക്ഷാ ഭവൻ ജോയിന്റ് കമ്മീഷണർ കൃത്യമായി നിരീക്ഷിച്ച് റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ട മന്ത്രി, വിഷയം സംബന്ധിച്ച് കർശന മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് ഉത്തരവിട്ടു.



