സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത “വിശ്വനാഥ് ആൻഡ് സൺസ്” നാളെ തീയേറ്ററുകളിലേക്ക് എത്തുന്നു. ന്യൂ സൂര്യ ഫിലിംസാണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത്. മലയാളി താരം മമിത ബൈജു നായികയാകുന്ന ഈ ചിത്രം സിതാര എന്റർടൈൻമെന്റ്സ്, ഫോർച്യൂൺ ഫോർ സിനിമാസ് എന്നിവയുടെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ പ്രീ-റിലീസ് പ്രൊമോഷൻ ചടങ്ങുകൾക്കായി സൂര്യ ദിവസങ്ങൾക്ക് മുൻപ് തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇതിനോടകം പുറത്തുവന്ന ചിത്രത്തിന്റെ ടീസറും ട്രെയിലറും ഗാനങ്ങളും സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിട്ടുണ്ട്.
പ്രണയവും ഹാസ്യവും വൈകാരിക മുഹൂർത്തങ്ങളും മനോഹരമായ പാട്ടുകളും കോർത്തിണക്കി സൂര്യ ആരാധകർക്കും കുടുംബപ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു മികച്ച ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘ലക്കി ഭാസ്കറി’ന് ശേഷം വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായ ഇതിൽ രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇതോടൊപ്പം സിദ്ദിഖിന്റെ ‘മധുരമീ ജീവിതം’ നാളെ തീയേറ്ററുകളിലെത്തുമ്പോൾ ‘ഖലീഫ’യിലെ ഇന്ദ്രൻസിന്റെ ക്യാരക്ടർ ലുക്കും പുറത്തുവന്നിട്ടുണ്ട്.
നിമിഷ് രവിയുടെ ഛായാഗ്രഹണത്തിൽ ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്. നവീൻ നൂലി എഡിറ്റിംഗും ബംഗ്ലാൻ പ്രൊഡക്ഷൻ ഡിസൈനും നിർവ്വഹിച്ചിരിക്കുന്നു. യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി) എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും കരുമാഞ്ചി ഉമാ മഹേശ്വര റാവു ലൈൻ പ്രൊഡ്യൂസറുമാണ്. വി. വെങ്കട്ട് ഫൈറ്റ് മാസ്റ്ററായും ശേഖർ വിജെ, വിജയ് ബിന്നി എന്നിവർ നൃത്തസംവിധായകരായും പ്രവർത്തിച്ച ചിത്രത്തിന് കെ. എൻ. വിജയകുമാറാണ് സംഭാഷണങ്ങൾ ഒരുക്കിയത്. അർച്ചന റാവു, സന്ധ്യ സബ്ബവരപു എന്നിവർ വസ്ത്രലങ്കാരവും കബിലൻ പബ്ലിസിറ്റി ഡിസൈനും ശബരി പി.ആർ.ഒ ചുമതലയും നിർവ്വഹിച്ചിരിക്കുന്നു.



