അഭിമന്യു കൊലക്കേസിൽ വിചാരണക്കോടതിയുടെ കടുത്ത മുന്നറിയിപ്പിന് പിന്നാലെ കേസിലെ പ്രതികളായ 16 ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോടതിയിൽ ഹാജരായി. രണ്ട് തവണ ഹാജരാകാൻ നിർദേശിച്ചിട്ടും ലംഘിച്ചതിനെ തുടർന്നാണ് കടുത്ത നടപടിയുണ്ടാകുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയത്. കോടതിയിൽ എത്തിയ പ്രതികളെ പുതുതായി ചുമത്തിയ കുറ്റങ്ങൾ വായിച്ചു കേൾപ്പിച്ചെങ്കിലും ഇവർ കുറ്റം നിഷേധിക്കുകയായിരുന്നു. തുടർന്ന് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയ കോടതി വിചാരണ പതിനേഴാം തീയതി ആരംഭിക്കാനും ഷെഡ്യൂൾ ചെയ്തു.
2018 ജൂലൈ രണ്ടിനാണ് മഹാരാജാസ് കോളേജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അഭിമന്യു കുത്തേറ്റ് കൊല്ലപ്പെട്ടത്. ഈ കേസിലെ സുപ്രധാന രേഖകൾ വിചാരണക്കോടതി കസ്റ്റഡിയിൽ നിന്ന് കാണാതായത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. പിന്നീട് ഈ രേഖകൾ പുനഃസൃഷ്ടിച്ചാണ് വിചാരണ നടപടികളിലേക്ക് കടന്നത്. കേസിന്റെ വിചാരണ നീണ്ടുപോകുന്നതിനെതിരെ അഭിമന്യുവിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ഒൻപത് മാസത്തിനകം നടപടികൾ പൂർത്തിയാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.



