India Mirror News

പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ

പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ

ഡാലസിൽ നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ പോർച്ചുഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് സ്പെയിൻ ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. മത്സരം അധികസമയത്തേക്ക് നീളുമെന്ന് ഉറപ്പായ ഇഞ്ചുറി ടൈമിൽ, പകരക്കാരനായി ഇറങ്ങിയ മിക്കേൽ മെറീനൊ നേടിയ മിന്നൽ ഗോളാണ് പോർച്ചുഗലിന്റെ ലോകകപ്പ് സ്വപ്നങ്ങൾക്ക് അന്ത്യം കുറിച്ചത്. ഇതോടെ വലിയ താരനിരയുമായി കിരീടം ലക്ഷ്യമിട്ടെത്തിയ പോർച്ചുഗൽ ക്വാർട്ടർ പോലും കാണാതെ പുറത്തായപ്പോൾ, ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് തന്റെ ആറാം ലോകകപ്പിലും കിരീടമില്ലാതെ മടങ്ങേണ്ടി വന്നു. തുടക്കം മുതൽ ആക്രമിച്ചു കളിച്ച സ്പാനിഷ് പട ആദ്യ മിനിറ്റുകളിൽ തന്നെ പോർച്ചുഗൽ ഗോൾമുഖത്ത് വലിയ ഭീതി വിതച്ചിരുന്നു. കളിയുടെ എട്ടാം മിനിറ്റിൽ മിക്കേൽ ഒയർസബാലിന് ലഭിച്ച സുവർണ്ണാവസരം പാഴായതിനൊപ്പം യുവതാരം ലമീൻ യമാലിന്റെ മാരക മുന്നേറ്റങ്ങളും പോർച്ചുഗൽ പ്രതിരോധം തട്ടിയകറ്റുകയായിരുന്നു. പോർച്ചുഗീസ് ഗോൾകീപ്പർ ഡിയോഗോ കോസ്റ്റയുടെ അസാമാന്യ സേവുകളാണ് ആദ്യപകുതിയിൽ പോർച്ചുഗലിന് തുണയായത്.

രണ്ടാം പകുതിയിൽ താളം കണ്ടെത്താൻ പോർച്ചുഗൽ ശ്രമിച്ചെങ്കിലും ഫിനിഷിങ്ങിലെ പോരായ്മകൾ അവർക്ക് വിനയായി മാറുകയായിരുന്നു. അതിനിടെ അമ്പത്തിയഞ്ചാം മിനിറ്റിൽ പ്രതിരോധ താരം നൂനോ മെൻഡിസ് പരിക്കേറ്റ് കളം വിട്ടതോടെ പോർച്ചുഗൽ പ്രതിരോധം വീണ്ടും സമ്മർദ്ദത്തിലാവുകയും സ്പെയിൻ ആക്രമണം കടുപ്പിക്കുകയും ചെയ്തു. 74-ാം മിനിറ്റിൽ ലമീൻ യമാൽ ഉതിർത്ത മനോഹരമായ ഫ്രീക്കിക്ക് പോർച്ചുഗൽ ഗോളി അതിസാഹസികമായാണ് തട്ടിയകറ്റിയത്. ഒടുവിൽ കളി സമനിലയിലേക്ക് നീങ്ങവെ, ഡാനി ഓൽമോയ്ക്ക് പകരക്കാരനായി മിക്കേൽ മെറീനൊ കളത്തിലിറങ്ങി. ഇഞ്ചുറി ടൈമിൽ ഫെറാൻ ടോറസ് നൽകിയ കൃത്യതയാർന്ന പാസ്സ് വലയിലെത്തിച്ച് മെറീനൊ സ്പെയിന് ക്വാർട്ടർ ടിക്കറ്റും ആവേശകരമായ വിജയവും സമ്മാനിക്കുകയായിരുന്നു.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *