വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തുകൂടി സഞ്ചരിക്കുകയായിരുന്ന രണ്ട് കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യത്തിന്റെ മിസൈൽ ആക്രമണം. കഴിഞ്ഞദിവസം രാത്രിയിലാണ് എണ്ണ ടാങ്കറിനും ചരക്കുകപ്പലിനും നേരെ ആക്രമണമുണ്ടായതെന്ന് അമേരിക്കൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലുകൾക്ക് നേരെയാണ് മിസൈൽ ആക്രമണം ഉണ്ടായതെന്നും സംഭവത്തിൽ ഇരു കപ്പലുകൾക്കും വലിയ തോതിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷനും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ആക്രമണത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തെ തുടർന്ന് ഇറാന് നേരെ അമേരിക്ക പ്രത്യാക്രമണം നടത്തുമെന്ന സൂചനകൾ പുറത്തുവരുന്നുണ്ട്. എന്നാൽ ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ശവസംസ്കാര ചടങ്ങുകൾ അവസാനിക്കുന്നതുവരെ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വ്യാഴാഴ്ച മഷ്ഹദിലാണ് ഖമനയിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയാകുക. ആധുനിക ഇറാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനക്കൂട്ടമാണ് മുൻ പരമോന്നത നേതാവിന് വിടചൊല്ലാൻ ടെഹ്റാനിൽ ഒത്തുകൂടിയത്. ഗ്രാൻഡ് മൊസല്ല മതസമുച്ചയത്തിൽ നിന്ന് ആരംഭിച്ച വിലാപയാത്രയിൽ ഇറാനിയൻ പതാകയും ഷിയാ ആചാരങ്ങളുടെ ഭാഗമായ ചുവപ്പും പച്ചയും കൊടികളുമേന്തി ലക്ഷക്കണക്കിന് ജനങ്ങളാണ് അണിനിരന്നത്. ഇറാനിയൻ ജനതയും അവരുടെ ഐക്യദാർഢ്യവുമാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ആസ്തിയെന്ന് ആയത്തുള്ള അലി ഖമനയി പഠിപ്പിച്ചതായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ എക്സിൽ കുറിച്ചു. സംസ്കാര ചടങ്ങുകളുടെ ഭാഗമായി ടെഹ്റാനിലെ വ്യോമാതിർത്തി പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. അതേസമയം, സംസ്കാര ചടങ്ങുകൾക്ക് ശേഷം ഇറാനുമായുള്ള ചർച്ചകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുണ്ട്.



