India Mirror News

അതിവേഗ റെയിൽ ഡി.എം.ആർ.സിക്ക് വിടാൻ ശുപാർശ

അതിവേഗ റെയിൽ ഡി.എം.ആർ.സിക്ക് വിടാൻ ശുപാർശ

തിരുവനന്തപുരം: കേരളത്തിന്റെ അതിവേഗ റെയിൽ പദ്ധതി ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (DMRC) ഏൽപ്പിക്കണമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ. പദ്ധതിയുടെ രൂപകൽപ്പന, നിർമാണം, കമ്മീഷനിംഗ് എന്നിവയെല്ലാം ഡി.എം.ആർ.സി.ക്ക് കൈമാറിയാൽ കൊച്ചി മെട്രോ മാതൃകയിൽ, അധികച്ചെലവില്ലാതെ നിശ്ചിത സമയത്തിനുള്ളിലോ അതിനുമുമ്പോ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ നിർദ്ദേശം. കേരള ഹൈസ്പീഡ് റെയിലിന്റെ ഗുണങ്ങൾ എണ്ണിപ്പറഞ്ഞ് ഇ. ശ്രീധരൻ മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിച്ച ഈ പ്രൊപ്പോസലിന് സർക്കാർ നിയോഗിച്ച നാലംഗ ഉപസമിതി പച്ചക്കൊടി കാണിച്ചേക്കുമെന്നാണ് വിവരം. സിൽവർ ലൈൻ പദ്ധതിക്കെതിരെ ഉയർന്നതുപോലുള്ള ശക്തമായ പ്രതിഷേധങ്ങൾ ഇതിനെതിരെ ഉണ്ടാകില്ലെന്നും, പില്ലറുകളിലൂടെയും തുരങ്കങ്ങളിലൂടെയും പാത കടന്നുപോകുന്നത് കേരളത്തിന് ഏറ്റവും അനുയോജ്യമായ മാതൃകയാണെന്നുമാണ് ഉപസമിതിയുടെ വിലയിരുത്തൽ. ശ്രീധരന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം പൂജപ്പുര മുതൽ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള 20 കിലോമീറ്ററാണ് തുരങ്കപാതയായി വരുന്നത്.

പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് പഠിക്കാൻ ഗതാഗത സെക്രട്ടറി ടി.വി. അനുപമ, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ ജെ. വിനയൻ, സാമ്പത്തിക വിദഗ്ധൻ ഡോ. ടി. വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന ഉപസമിതി രൂപീകരിക്കുകയും അഞ്ച് തവണ യോഗം ചേരുകയും ചെയ്തിരുന്നു. ഇ. ശ്രീധരൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലെ ചില സാങ്കേതിക വശങ്ങളെക്കുറിച്ചും തുക വിനിയോഗത്തെക്കുറിച്ചും ഉപസമിതിക്ക് ചില സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഉപസമിതി ആവശ്യപ്പെട്ടതനുസരിച്ച് ഇ. ശ്രീധരൻ നിയോഗിച്ച ഉദ്യോഗസ്ഥർ നേരിട്ടെത്തി ഈ കാര്യങ്ങളിൽ കൃത്യമായ വിശദീകരണം നൽകിയിട്ടുണ്ട്. ഈ വിശദീകരണങ്ങൾ കൂടി ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം ഉപസമിതി സർക്കാരിന് സമർപ്പിക്കും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *