നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ട കുറ്റക്കാരെ മുഖം നോക്കാതെ ജയിലിലടയ്ക്കുമെന്ന് എൻ.ഡി.എ. യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയതായി കേന്ദ്രമന്ത്രി കിരൺ റിജിജു അറിയിച്ചു. ചോദ്യപേപ്പർ ചോർച്ചയെ ‘ഘോരപാപം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, കേസിൽ ഉൾപ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിലവിൽ 13 പ്രതികൾ കസ്റ്റഡിയിലുണ്ടെന്നും യോഗത്തെ അറിയിച്ചു. കുറ്റമറ്റതും സുതാര്യവുമായ ഒരു പരീക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിന് കൂട്ടായ പരിശ്രമം അത്യാവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭാവിയിലെ നിയമനിർമ്മാണ നടപടികൾക്ക് ഒറ്റക്കെട്ടായി പിന്തുണ നൽകാൻ സഖ്യകക്ഷികളോട് ആവശ്യപ്പെട്ടു. രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് രാജ്യത്തിന്റെ ഭാവിക്കും യുവാക്കളുടെ ക്ഷേമത്തിനുമായി പാർലമെന്റിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചതായും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, നീറ്റ് ചോർച്ചാ വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രതിഷേധം കൂടുതൽ ശക്തമായി തുടരുകയാണ്. രാജി ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിൽ സി.ജെ.പി. സ്ഥാപകൻ അഭിജീത് ദീപ്കെ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകരാണ് നിലവിൽ ജന്തർ മന്തറിൽ അനിശ്ചിതകാല പ്രക്ഷോഭം തുടരുന്നത്.



