India Mirror News

‘ജന നായകൻ’ വിജയ്‌യുടെ അവസാന ചിത്രമല്ല,വെളിപ്പെടുത്തലുകളുമായി സംവിധായകൻ എച്ച്. വിനോദ്

‘ജന നായകൻ’ വിജയ്‌യുടെ അവസാന ചിത്രമല്ല,വെളിപ്പെടുത്തലുകളുമായി സംവിധായകൻ എച്ച്. വിനോദ്

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ “ജന നായകൻ” റിലീസിന് മുമ്പ് തന്നെ സിനിമാ-രാഷ്ട്രീയ ലോകത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയാണ്. വിജയ്‌യുടെ അവസാന ചിത്രമെന്നതിലുപരി ഒരു ഭാവി മുഖ്യമന്ത്രിയുടെ ആദ്യ ചിത്രമായി വേണം ഇതിനെ കാണാനെന്ന് സംവിധായകൻ എച്ച്. വിനോദ് വ്യക്തമാക്കി. ചിത്രം വെറുമൊരു മസാല സിനിമയല്ലെന്നും വിജയ്‌യെ പ്രശംസിക്കാൻ മാത്രമുള്ളതല്ലെന്നും പറഞ്ഞ അദ്ദേഹം, ജനാധിപത്യ സംരക്ഷണവും അതിനെ തകർക്കാൻ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ് പ്രമേയമാക്കുന്നതെന്ന് കൂട്ടിച്ചേർത്തു. വലിയൊരു രാഷ്ട്രീയ ചർച്ചയ്ക്ക് ചിത്രം വഴിവെക്കും. രണ്ടു മണിക്കൂറോളം ദൈർഘ്യമുള്ള സിനിമയിലെ 30 മിനിറ്റ് ഭാഗം അതീവ ശക്തവും ആഴത്തിലുള്ള ഉള്ളടക്കം ഉള്ളതുമാണെന്നും, അത് മനസ്സിലാക്കാൻ പ്രേക്ഷകർക്ക് വർഷങ്ങൾ വേണ്ടിവരുമെന്നും സംവിധായകൻ അവകാശപ്പെടുന്നു.

ആദ്യം മറ്റൊരു പ്രമുഖ താരത്തിനായി ആലോചിച്ച ഈ പ്രമേയം, രാഷ്ട്രീയ പശ്ചാത്തലം കാരണം ആ നടൻ നിരസിച്ച ശേഷമാണ് വിജയ്‌യിലേക്ക് എത്തിയത്. വിജയ്‌യുടെ പ്രശസ്തമായ നെയ്‌വേലി സെൽഫിയെ ഫസ്റ്റ് ലുക്കായി കാണാമെന്ന് വ്യക്തമാക്കിയ വിനോദ്, ഡ്രോണുകളും ആധുനിക സാങ്കേതികവിദ്യയും ഉപയോഗിച്ചുള്ള സൈബർ യുദ്ധങ്ങളും ഉക്രെയ്ൻ, ഇറാൻ-യുഎസ് സംഘർഷങ്ങളുടെ മാതൃകയിലുള്ള യുദ്ധരംഗങ്ങളും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. വിജയ് ചിത്രങ്ങൾക്ക് കുട്ടികളടക്കം വലിയ പ്രേക്ഷകവൃന്ദമുള്ളപ്പോൾ, ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചത് ഖേദകരമാണെന്നും മറ്റ് സിനിമകളുമായി ഇതിന്റെ ബോക്സ് ഓഫീസ് താരതമ്യം ചെയ്യാനാകില്ലെന്നും വിനോദ് പറഞ്ഞു. 10, 20 അല്ലെങ്കിൽ 30 വർഷങ്ങൾക്ക് ശേഷവും പ്രസക്തമായി നിലനിൽക്കുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, ഗൗതം വാസുദേവ് ​​മേനോൻ, പ്രകാശ് രാജ്, പ്രിയാമണി തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്. ചിത്രം 2026 ജൂലൈ 23-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *