കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്കൂളുകളിൽ എൽ.പി വിദ്യാർത്ഥികൾക്കായി നടത്തിയ ‘ഫ്രീഡം ക്വിസി’ന്റെ ചോദ്യാവലിയിൽ വി.ഡി. സവർക്കറെ പുകഴ്ത്തുന്ന ചോദ്യം ഉൾപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടൈ ബ്രേക്കർ ചോദ്യമായി ഉൾപ്പെടുത്തിയ ക്വിസിൽ, ബ്രിട്ടീഷുകാരുടെ കൈയിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യസമര സേനാനി ആരെന്ന ചോദ്യത്തിന് ഉത്തരമായി വി.ഡി. സവർക്കറുടെ പേരാണ് നൽകിയിരുന്നത്. ചരിത്രം വളച്ചൊടിച്ച് വിദ്യാർത്ഥികളെ പഠിപ്പിക്കാനുള്ള നീക്കമാണിതെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ വ്യക്തമാക്കിയപ്പോൾ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് എംഎസ്എഫ് ജില്ലാ കമ്മിറ്റി വിദ്യാഭ്യാസ മന്ത്രിക്കും ഡിഡിഇക്കും പരാതി നൽകി. സ്വാതന്ത്ര്യസമരത്തിൽ സംഘപരിവാറിന് പങ്കാളിത്തമുണ്ടെന്ന് വരുത്തിത്തീർക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുകയാണെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.
സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിക്കുകയും എഇഒമാരോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിട്ടുണ്ട്. കൂടാതെ വിഷയത്തിൽ മന്ത്രി എൻ. ഷംസുദീനും അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.



