ചെന്നൈ: നിരവധി വിലക്കുകൾക്കും വിവാദങ്ങൾക്കും ഒടുവിൽ വിജയ് നായകനാകുന്ന അവസാന ചിത്രം ‘ജനനായകൻ’ ഇന്ന് തിയേറ്ററുകളിലെത്തുമ്പോൾ വിജയാഘോഷത്തിലാണ് ആരാധകർ. മൂന്ന് പതിറ്റാണ്ട് മുൻപ് തമിഴ് സിനിമയിൽ ബാലതാരമായി തുടക്കം കുറിച്ച്, പിന്നീട് ജനഹൃദയങ്ങൾ കീഴടക്കി ദളപതി എന്ന പദവിയിലേക്ക് ഉയർന്ന വിജയ്, 1992-ൽ തന്റെ പതിനെട്ടാം വയസ്സിൽ ‘നാളൈയ തീർപ്പ്’ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത്. കരിയറിന്റെ തുടക്കത്തിൽ രൂപത്തിന്റെ പേരിലും അഭിനയത്തിന്റെ പേരിലും കടുത്ത വിമർശനങ്ങളും മാധ്യമ പരിഹാസങ്ങളും നേരിടേണ്ടി വന്നെങ്കിലും 1996-ൽ പുറത്തിറങ്ങിയ ‘പൂവേ ഉനക്കാക’ എന്ന പ്രണയ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ വലിയ വഴിത്തിരിവായി മാറുകയായിരുന്നു. തുടർന്ന് തുപ്പാക്കി, കത്തി, മെർസൽ, സർക്കാർ തുടങ്ങി നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളായി വളർന്നു.
എന്നാൽ, കരിയറിന്റെ സുവർണ്ണ കാലഘട്ടത്തിൽ നിൽക്കെ കോടിക്കണക്കിന് ആരാധകരെ സാക്ഷിയാക്കിയാണ് വിജയ് സിനിമാഭിനയം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. 2024-ൽ ‘തമിഴക വെട്രി കഴകം’ (ടി.വി.കെ) എന്ന രാഷ്ട്രീയ പാർട്ടി രൂപീകരിച്ചുകൊണ്ട് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം, 2026-ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 59 വർഷത്തെ ദ്രാവിഡ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ട് വൻ വിജയം നേടി. 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെ, സഖ്യകക്ഷികളുടെ പിന്തുണയോടെ 2026 മേയ് 10-ന് സി. ജോസഫ് വിജയ്യെ തമിഴ്നാടിന്റെ ഒമ്പതാമത് മുഖ്യമന്ത്രിയായി അധികാരത്തിലേറ്റുകയും ചെയ്തു. തമിഴ്നാട് മുഖ്യമന്ത്രിയായ ശേഷം റിലീസ് ചെയ്യുന്ന അദ്ദേഹത്തിന്റെ അവസാന ചിത്രമെന്ന പ്രത്യേകതയോടെയാണ് ‘ജനനായകൻ’ ഇന്ന് വലിയ ആഘോഷങ്ങളോടെ തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്.



