രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. യുവജനങ്ങളുടെ ഭാവിയെ തകർത്ത കേന്ദ്രസർക്കാർ, വിഷയത്തിന് കാരണക്കാരായവരെ സംരക്ഷിക്കുകയാണെന്ന് എക്സ് (X) പോസ്റ്റിലൂടെ രാഹുൽ കുറ്റപ്പെടുത്തി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പദവി രാജിവെക്കണമെന്നും, വിദ്യാർത്ഥികളോട് മാപ്പുപറയണമെന്നും, അവർക്കെതിരെ അതിക്രമം നടത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമുള്ള മൂന്ന് ആവശ്യങ്ങൾ അദ്ദേഹം ആവർത്തിച്ചു. വിഷയത്തിൽ പാർലമെന്റിൽ സംസാരിക്കാൻ പ്രധാനമന്ത്രിക്ക് ധൈര്യമില്ലെന്നും രാഹുൽ ഗാന്ധി പരിഹസിച്ചു.
അതേസമയം, സമൂഹമാധ്യമ പോസ്റ്റിലൂടെ വിദ്യാർത്ഥികളെക്കുറിച്ച് ആശങ്കയുണ്ടെന്ന് വരുത്തിത്തീർക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെങ്കിലും അദ്ദേഹം കടുത്ത സമ്മർദ്ദത്തിലാണെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. മോദി സർക്കാരിന്റെ ഭരണത്തിൽ വോട്ട് മോഷണം, സീറ്റ് മോഷണം, സംഭാവന കൊള്ള, ചോദ്യപേപ്പർ ചോർച്ച എന്നിവ തുടരുകയാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കാതെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷവും കോക്രോച്ച് ജനതാ പാർട്ടിയും (സി.ജെ.പി). മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ് പങ്കുവെച്ചാണ് സി.ജെ.പി പ്രതിഷേധം വ്യക്തമാക്കിയത്.



