ഭൂമിയിലെ വേനൽച്ചൂട് അതിശക്തമാണെന്ന് കരുതുന്നവർക്ക് മുന്നിലേക്ക് അതിലും ഭീകരമായ അന്തരീക്ഷ താപനിലയുള്ള ഒരു വിദൂര ഗ്രഹത്തിന്റെ അത്ഭുത വിവരങ്ങൾ പങ്കുവെക്കുകയാണ് ശാസ്ത്രലോകം. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി നടത്തിയ പുതിയ നിരീക്ഷണങ്ങളിൽ, സ്വന്തം മാതൃനക്ഷത്രത്തിന്റെ അതിശക്തമായ വികിരണമേറ്റ് വറുക്കപ്പെടുന്ന അവസ്ഥയിലുള്ള ഒരു ഭീമൻ ഗ്രഹത്തെ കണ്ടെത്തിയതായി സ്പേസ് ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 217 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ വാതക ഭീമൻ ഗ്രഹം ശാസ്ത്രലോകത്ത് HD 80606 b എന്നാണ് അറിയപ്പെടുന്നത്. ‘ഹോട്ട് ജൂപ്പിറ്റർ’ വിഭാഗത്തിൽപ്പെടുന്ന ഈ ഗ്രഹം അതിന്റെ മാതൃനക്ഷത്രത്തെ ചുറ്റുന്നത് അത്യന്തം വിചിത്രവും ദീർഘവൃത്താകൃതിയിലുള്ളതുമായ ഒരു ഭ്രമണപഥത്തിലൂടെയാണ്. സാധാരണ ഹോട്ട് ജൂപ്പിറ്ററുകൾ നക്ഷത്രത്തോട് വളരെ അടുത്ത് സ്ഥിരമായി സഞ്ചരിക്കുമ്പോൾ, HD 80606 b അതിന്റെ 111 ദിവസത്തെ പരിക്രമണത്തിനിടയിൽ ചില പ്രത്യേക സമയങ്ങളിൽ മാത്രമാണ് നക്ഷത്രത്തിന് തൊട്ടടുത്ത് എത്തുന്നത്.
ഈ അടുത്തുവരവിന്റെ ഘട്ടത്തിലാണ് ഗ്രഹത്തിന്റെ അന്തരീക്ഷ താപനില സങ്കൽപ്പിക്കാൻ കഴിയാത്ത വിധം ഏകദേശം 600 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നത്. ഇത്രയും തീവ്രമായ ചൂട് ഗ്രഹത്തിന്റെ അന്തരീക്ഷ രാസഘടനയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. പ്രകാശത്തെ വിവിധ തരംഗദൈർഘ്യങ്ങളായി വിഭജിച്ച് വിശകലനം ചെയ്യുന്ന സ്പെക്ട്രോസ്കോപ്പി എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ശാസ്ത്രജ്ഞർ ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച് പഠിച്ചത്. ജെയിംസ് വെബ് ദൂരദർശിനിയിലെ മിഡ്-ഇൻഫ്രാറെഡ് ഇൻസ്ട്രുമെന്റ് ഉപയോഗിച്ച് ഗ്രഹം നക്ഷത്രത്തോട് അടുക്കുന്നതിന് മുമ്പും അതിനിടയിലും ശേഷവുമുള്ള മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ ഗവേഷകർക്ക് സാധിച്ചു. ഇതിലൂടെ ഗ്രഹാന്തരീക്ഷത്തിലെ മീഥേൻ, കാർബൺ ഡൈഓക്സൈഡ് തുടങ്ങിയ വാതകങ്ങളുടെ സാന്നിധ്യവും അവയിലുണ്ടാകുന്ന വ്യതിയാനങ്ങളും വ്യക്തമായി മനസ്സിലാക്കാൻ കഴിഞ്ഞു. ഇതിനുമുമ്പ് നാസയുടെ സ്പിറ്റ്സർ ദൂരദർശിനിയും ഈ ഗ്രഹത്തെക്കുറിച്ച് പഠിച്ചിരുന്നെങ്കിലും, ജെയിംസ് വെബ് കണ്ടെത്തിയ പുതിയ വിവരങ്ങൾ പ്രകാരം ഗ്രഹത്തിലെ താപനില വർധനവ് സ്പിറ്റ്സർ രേഖപ്പെടുത്തിയതിലും വളരെ തീവ്രമാണെന്ന് വ്യക്തമാകുന്നു. തെക്കൻ കാലിഫോർണിയയിലെ നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ പ്രധാന ഗവേഷകയായ ടിഫാനി കറ്റാരിയയുടെ നേതൃത്വത്തിൽ നടന്ന ഈ പഠനത്തിലെ കണ്ടെത്തലുകൾ അമേരിക്കൻ ആസ്ട്രോണമിക്കൽ സൊസൈറ്റിയുടെ 248-ാമത് സമ്മേളനത്തിൽ അവതരിപ്പിച്ചു. അതിതീവ്ര സാഹചര്യങ്ങളിൽ ഗ്രഹങ്ങളുടെ അന്തരീക്ഷം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠിക്കാൻ ഈ കണ്ടെത്തൽ വലിയ രീതിയിൽ സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ഇതോടൊപ്പം ഏറ്റവും അകലെയുള്ള സൂപ്പർമാസീവ് ബ്ലാക്ക് ഹോൾ കണ്ടെത്തിയും ജെയിംസ് വെബ് ടെലസ്കോപ് ഈയടുത്ത് ചരിത്രം കുറിച്ചിരുന്നു.



