ഖത്തറിൽ പ്രവാസികളുടെ റസിഡൻസ് പെർമിറ്റ് അഥവാ ഇഖാമ റദ്ദാക്കിയാൽ രാജ്യം വിടുന്നതിനായി അനുവദിച്ചിരുന്ന ഇളവ് കാലാവധി (ഗ്രേസ് പീരിയഡ്) ആഭ്യന്തര മന്ത്രാലയം വെട്ടിച്ചുരുക്കി. മുൻപുണ്ടായിരുന്ന മുപ്പത് ദിവസത്തെ കാലാവധി നിലവിൽ പതിനാല് ദിവസമായി കുറച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച സുരക്ഷിത യാത്രയുമായി ബന്ധപ്പെട്ട വെബിനാറിലാണ് എയർപോർട്ട് പാസ്‌പോർട്ട് ഡിപ്പാർട്ട്മെന്റിലെ ക്യാപ്റ്റൻ അലി അഹമ്മദ് അലി അൽ കുവാരി ഇക്കാര്യം അറിയിച്ചതെന്ന് ഗൾഫ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പുതിയ നിയമപ്രകാരം വിസ റദ്ദാക്കി പതിനാല് ദിവസത്തെ ഇളവ് കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്ന പ്രവാസികളിൽ നിന്നും പ്രതിദിനം പത്ത് ഖത്തറി റിയാൽ വീതം പിഴ ഈടാക്കും. ഇതോടൊപ്പം വിസിറ്റ് വിസയിൽ ഖത്തറിലേക്ക് എത്തുന്നവരും തങ്ങളുടെ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്ന വിസ കാലാവധിയും താമസിക്കാവുന്ന ദിവസങ്ങളും കൃത്യമായി പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നുണ്ട്. വിസിറ്റ് വിസയുടെ കാലാവധി കഴിഞ്ഞും രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്നവരിൽ നിന്ന് പ്രതിദിനം ഇരുനൂറ് ഖത്തറി റിയാൽ ആണ് പിഴയായി ഈടാക്കുക.
യാത്ര പുറപ്പെടുന്നതിന് മുൻപ് പ്രവാസികൾ തങ്ങളുടെ വിസ സ്റ്റാറ്റസ് ‘മെട്രാഷ്’ മൊബൈൽ ആപ്ലിക്കേഷൻ വഴി കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. യാത്രയെ തടസ്സപ്പെടുത്താൻ സാധ്യതയുള്ള ട്രാഫിക് പിഴകൾ, വിസ കാലാവധി കഴിഞ്ഞതിനുള്ള പിഴകൾ അല്ലെങ്കിൽ മറ്റ് സാമ്പത്തിക കുടിശ്ശികകൾ എന്നിവയുണ്ടോ എന്ന് മുൻകൂട്ടി അറിയാൻ ഇത് സഹായിക്കും. റസിഡൻസ് പെർമിറ്റ് പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റുന്നതിനുള്ള നടപടികളും മെട്രാഷ് ആപ്പ് വഴി തന്നെ പ്രവാസികൾക്ക് പൂർത്തിയാക്കാവുന്നതാണ്. കൂടാതെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാനും വലിയ ക്യൂ നിൽക്കുന്നത് ഒഴിവാക്കാനും യാത്രക്കാർ ഇലക്ട്രോണിക് ഗേറ്റ് സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നിലവിൽ വിമാനത്താവളത്തിലെ അറൈവൽ, ഡിപ്പാർച്ചർ ടെർമിനലുകളിലായി എഴുപത്തിയാറ് ഇ-ഗേറ്റുകൾ സുഗമമായി പ്രവർത്തിക്കുന്നുണ്ടെന്നും ക്യാപ്റ്റൻ അലി അഹമ്മദ് അലി അൽ കുവാരി വ്യക്തമാക്കി.



