ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ, ഗൾഫ് മേഖലയിൽ കടുത്ത തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തി. ഇന്ന് രാവിലെ കുവൈറ്റിലേക്കും ബഹ്റൈനിലേക്കും ഇറാൻ വലിയ തോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തി. ആക്രമണത്തെത്തുടർന്ന് ബഹ്റൈനിൽ മൂന്ന് തവണയടക്കം ഇരുരാജ്യങ്ങളിലും പലതവണ അപായ സൈറണുകൾ മുഴങ്ങി. തങ്ങൾ ശക്തമായ ആക്രമണം നേരിട്ടതായി കുവൈറ്റ് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇറാൻ തൊടുത്തുവിട്ട ഡ്രോണുകളും മിസൈലുകളും വിജയകരമായി പ്രതിരോധിച്ചതായാണ് ഇരുരാജ്യങ്ങളും വ്യക്തമാക്കുന്നത്. നിലവിൽ പുതിയ ആക്രമണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, തകർത്ത മിസൈലുകളുടെയും ഡ്രോണുകളുടെയും അവശിഷ്ടങ്ങൾ വീണുകിടക്കാൻ സാധ്യതയുള്ളതിനാൽ അവയിൽ സ്പർശിക്കരുതെന്ന് പൊതുജനങ്ങൾക്ക് സൈന്യം കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണങ്ങളിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കഴിഞ്ഞദിവസം മാത്രം പതിനഞ്ചോളം ഡ്രോണുകളും മിസൈലുകളുമാണ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തത്.
ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി ഇറാന്റെ തീരദേശ സൈനിക കേന്ദ്രങ്ങളും പ്രധാന തുറമുഖ നഗരങ്ങളും ലക്ഷ്യമിട്ടാണ് അമേരിക്ക വ്യോമാക്രമണം നടത്തിയത്. അമേരിക്കൻ യുദ്ധവിമാനങ്ങൾ നടത്തിയ ഈ ആക്രമണത്തിൽ ഇറാന്റെ ബന്ദർ അബ്ബാസ്, ചബഹാർ, കൊനാറക്, സിറിക് എന്നീ തന്ത്രപ്രധാന മേഖലകളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പ്രതികാരമായാണ് ഇപ്പോൾ കുവൈറ്റിനും ബഹ്റൈനും നേരെ ഇറാന്റെ ഭാഗത്തുനിന്ന് മിസൈൽ-ഡ്രോൺ വർഷമുണ്ടായിരിക്കുന്നത്. ഗൾഫ് മേഖലയിൽ വലിയ രീതിയിലുള്ള യുദ്ധഭീതിയും ആശങ്കയും പടർത്തുന്നതാണ് നിലവിലെ സാഹചര്യങ്ങൾ.



