India Mirror News

ഓപ്പറേഷൻ ഹാർഡ്ബോൾ: യുഎസ് സംഘം ഇന്ത്യയിലെത്തി

ഓപ്പറേഷൻ ഹാർഡ്ബോൾ: യുഎസ് സംഘം ഇന്ത്യയിലെത്തി

അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളെ അടിച്ചമർത്തുന്നതിനായുള്ള ‘ഓപ്പറേഷൻ ഹാർഡ്ബോൾ’ ദൗത്യത്തിന് മുന്നോടിയായി അമേരിക്കൻ ഉദ്യോഗസ്ഥ സംഘം ഇന്ത്യയിലെത്തി നിർണായക വിവരങ്ങൾ ശേഖരിച്ചു. സന്ദർശനത്തിനിടെ വിവിധ ഇന്ത്യൻ കേന്ദ്ര ഏജൻസികളുമായി യുഎസ് സംഘം വിശദമായ കൂടിക്കാഴ്ചകൾ നടത്തി. ഈ ചർച്ചകളിൽ അമേരിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ ഗുണ്ടാസംഘങ്ങളുടെ കൃത്യമായ പട്ടികയും അവരുടെ ഒളിത്താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇന്ത്യ അമേരിക്കൻ സംഘത്തിന് കൈമാറി. പ്രത്യേകിച്ച് കുപ്രസിദ്ധ ഗുണ്ടാത്തലവൻമാരായ ലോറൻസ് ബിഷ്ണോയ്, ഗോൾഡി ബ്രാർ എന്നിവരുടെ പ്രവർത്തനങ്ങളെയും ശൃംഖലകളെയും കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഇരുരാജ്യങ്ങളും തമ്മിൽ പങ്കുവെച്ചതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇത്തരം ക്രിമിനൽ സംഘങ്ങൾക്ക് പാകിസ്താനിൽ നിന്നുള്ള ലഹരിമരുന്ന് കടത്തിൽ വലിയ പങ്കുണ്ടെന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികൾ യുഎസ് സംഘത്തെ ധരിപ്പിച്ചിട്ടുണ്ട്. സുരക്ഷാ ഏജൻസികളുടെ കണ്ണ് വെട്ടിച്ച് രഹസ്യ ആശയവിനിമയം നടത്തുന്നതിനായി ഈ ഗുണ്ടാസംഘങ്ങൾ അത്യാധുനിക രീതിയിൽ മാസ്ക് ചെയ്ത വിപിഎൻ (VPN) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും ഏജൻസികൾ ചൂണ്ടിക്കാണിച്ചു. എൻസിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകത്തിലെ മുഖ്യ സൂത്രധാരനും ലോറൻസ് ബിഷ്ണോയിയുടെ സഹോദരനുമായ അൻമോൽ ബിഷ്‌ണോയിയെ നേരത്തെ അമേരിക്കൻ അധികൃതർ പിടികൂടി ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. ഇതിന്റെ തുടർച്ചയായി അന്താരാഷ്ട്ര തലത്തിൽ ഗുണ്ടാസംഘങ്ങളെ തളയ്ക്കാനുള്ള സംയുക്ത നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎസ് ഉദ്യോഗസ്ഥരുടെ ഈ അടിയന്തര സന്ദർശനം.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *