India Mirror News

മെഡിക്കൽ വിദ്യാർത്ഥിനിയുടെ കൊലപാതകം: കേരളത്തിലും കേസെടുത്തു

മെഡിക്കൽ വിദ്യാർത്ഥിനിയുടെ കൊലപാതകം: കേരളത്തിലും കേസെടുത്തു

ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ കേരള പോലീസും പ്രത്യേക കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊല്ലപ്പെട്ട ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിന്റെ (22) മൃതദേഹം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിച്ച് വീണ്ടും പോസ്റ്റ്‌മോർട്ടം നടത്തും. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും പെരിന്തൽമണ്ണ സ്വദേശിയുമായ സാദറുൽ അനം (23) നിലവിൽ ഉസ്ബക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്. ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളായ ഇരുവരും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്കടിച്ചാണ് സാദറുൽ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. നാട്ടിൽ നിന്ന് ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വീട്ടുകാർ അവിടെ അന്വേഷിച്ചപ്പോഴാണ് ഈ ദാരുണ കൊലപാതക വിവരം പുറത്തറിയുന്നത്. എന്നാൽ ഇരുവരും തമ്മിൽ എന്താണ് തർക്കമുണ്ടായതെന്നോ കൊലപാതകത്തിലേക്ക് നയിച്ച യഥാർത്ഥ കാരണം എന്തെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

അതേസമയം, കൊല്ലപ്പെട്ട സാവരിയയുടെ ശരീരത്തിൽ മാരകമായ മറ്റു ചില മുറിവുകൾ കൂടിയുണ്ടെന്നും പ്രതിയായ സാദറുൽ അനം മുൻപും മകളെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായി സംശയമുണ്ടെന്നും കാണിച്ച് പെൺകുട്ടിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ സാവരിയയുടെ പിതാവ് ബസന്ത് നൽകിയ പ്രത്യേക പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതി സാദറുൽ അനാമിനെതിരെ കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പോലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. റീ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണത്തിലെയും ശരീരത്തിലെ പരിക്കുകളിലെയും കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നാണ് പോലീസ് കരുതുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *