സൗദി അറേബ്യയിലെ നജ്റാനിലുണ്ടായ ഹൂതി ആക്രമണത്തിൽ ഏഴ് സൗദി പൗരന്മാരും നാല് വിദേശികളുമടക്കം 11 പേർക്ക് പരിക്കേറ്റു. ഇറാന്റെ മേൽനോട്ടത്തിൽ ഹൂതികളും ഇറാഖി മിലിഷ്യകളും ചേർന്ന് സൗദിക്കെതിരെ വലിയ രീതിയിലുള്ള ഗൂഢാലോചന നടത്തുന്നുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
അതേസമയം, യെമനിലെ ഔദ്യോഗിക സർക്കാരിന് കീഴിലുള്ള സൈനിക ക്യാമ്പുകൾക്ക് നേരെയും ഹൂതികളുടെ ശക്തമായ ഡ്രോൺ, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾ നടന്നു. മറീബ്, ഹദ്രാമൗദ്, റുവൈക്, അൽ-അബർ, അൽ താനിയ തുടങ്ങിയ ഇടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും തകർക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഈ വഞ്ചനാപരമായ ആക്രമണത്തെ യെമൻ ആരോഗ്യ മന്ത്രി ഖാസിം ബഹിബാഹ് ശക്തമായി അപലപിച്ചെങ്കിലും കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ യെമനിലെ യു.എസ് എംബസിയും ശക്തമായ പ്രതിഷേധമറിയിച്ചു.
കിഴക്കൻ യെമനിലെ നിരവധി സൈനിക ക്യാമ്പുകളും താവളങ്ങളും ആയുധ-വെടിക്കോപ്പ് ശേഖരങ്ങളും സൈനിക വാഹനങ്ങളും തകർത്തതായി ഹൂതികൾ അവകാശപ്പെട്ടു. ആക്രമണത്തിൽ ആളപായവും കാര്യമായ വസ്തുനാശവും സംഭവിച്ചതായി മുൻപ് എമർജൻസി ഫോഴ്സസ് വ്യക്തമാക്കിയിരുന്നുവെങ്കിലും, ഹൂതികളുടെ ഈ അവകാശവാദങ്ങളോട് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.



