കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ ഹരിയാന സ്വദേശിയായ സ്ത്രീയും കുട്ടികളും പ്രതിഷേധിച്ചു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് വാഗ്ദാനം ചെയ്ത് കോൺഗ്രസ് പണം തട്ടിയെന്ന ആരോപണമുയർത്തിയാണ് ഇവർ പ്രതിഷേധിച്ചത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇവരെ ഉടൻ തന്നെ കസ്റ്റഡിയിലെടുത്ത് നീക്കി.
അതേസമയം, യുവതലമുറയുമായി, പ്രത്യേകിച്ച് ജെൻ-സി വിഭാഗവുമായി കൂടുതൽ അടുക്കുന്നതിന്റെ ഭാഗമായി ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ സെഷനുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻസ്റ്റാഗ്രാം റീൽസിലൂടെ യുവാക്കളിലേക്ക് എത്തിയതിന് തൊട്ടുപിന്നാലെയാണ് രാഹുലിന്റെയും ഈ പുതിയ നീക്കം. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും തന്നോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാൻ ഇതിലൂടെ അവസരമൊരുക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കിയ രാഹുൽ, ചോദ്യങ്ങൾ സമർപ്പിക്കാനുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ലിങ്കും എക്സിൽ പങ്കുവെച്ചു. “വിദ്യാർത്ഥികളെ, ജെൻ-സി – ഞാൻ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ ഇവിടെയുണ്ട്. ഇൻസ്റ്റാഗ്രാമിൽ എന്നോട് എന്തു വേണമെങ്കിലും ചോദിക്കൂ, കഴിയുന്നത്ര ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകാം,” എന്ന് അദ്ദേഹം എക്സിൽ കുറിച്ചു.
രാഷ്ട്രീയ ഭേദമന്യേ നേതാക്കൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ യുവതലമുറയുമായുള്ള ബന്ധം ദൃഢമാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ വിലയിരുത്തപ്പെടുന്നത്. രാജ്യവ്യാപകമായി പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദത്തെ തുടർന്ന് വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ കൊടുമ്പിരിക്കൊണ്ട പശ്ചാത്തലത്തിൽ, കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരോട് ഇൻസ്റ്റാഗ്രാം റീൽസുകളിലൂടെയും സംവാദ സെഷനുകളിലൂടെയും യുവാക്കളുമായി നിരന്തരം സംവദിക്കാൻ നിർദ്ദേശിച്ചിരുന്നു.



