സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,235 രൂപയിലും, പവന് 1,240 രൂപ കുറഞ്ഞ് 1,05,880 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പവന് 800 രൂപയോളം കുറഞ്ഞ് 1,07,120 രൂപയിലെത്തിയ സ്വർണവില ഇന്നലെ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞത്. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് സംസ്ഥാനത്തെ സ്വർണനിരക്കിലും പ്രതിഫലിക്കുന്നത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടർച്ചയായ മാറ്റങ്ങൾക്ക് ശേഷമാണ് നിരക്ക് താഴ്ന്ന നിലയിലേക്ക് എത്തിയത്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയിലുമാണ് വിപണിയിൽ വ്യാപാരം നടക്കുന്നത്.



