സംസ്ഥാനത്ത് തുടർച്ചയായ ചാഞ്ചാട്ടങ്ങൾക്ക് ശേഷം സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. പവന് 280 രൂപയുടെ കുറവോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,09,480 രൂപയായി. ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,685 രൂപ നിരക്കിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ട് ഘട്ടങ്ങളിലായി പവന് 1,280 രൂപ കുറഞ്ഞിരുന്നു. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ മാത്രം സ്വർണവിലയിൽ പവന് 1,560 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ യു.എസ് ഡോളർ കരുത്താർജിച്ചതും യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാതെ ഉയർന്ന തോതിൽ നിലനിർത്തുമെന്ന സൂചനകളുമാണ് സ്വർണവില താഴേക്ക് ഇറങ്ങാൻ പ്രധാന കാരണമായത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്തൃ രാജ്യങ്ങളിലൊന്നായ ഇന്ത്യയിലേക്ക് പ്രതിവർഷം ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതിനാൽ തന്നെ ആഗോള വിപണിയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കേരളത്തിലെ സ്വർണവിലയിലും നേരിട്ട് പ്രതിഫലിക്കുന്നുണ്ട്.



