തമിഴ് ചലച്ചിത്ര ലോകത്ത് ‘സംവിധാനത്തിന്റെ ഹിമാലയം’ എന്നറിയപ്പെടുന്ന പ്രശസ്ത സംവിധായകനും നടനുമായ പി. ഭാരതിരാജ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചുനാളുകളായി ആരോഗ്യനില മോശമായിരുന്ന അദ്ദേഹം, മകൻ മനോജിന്റെ മരണം ഏൽപ്പിച്ച വലിയ ആഘാതത്തിലായിരുന്നു. സിനിമകളെ സ്റ്റുഡിയോ സെറ്റുകളുടെ നാല് ചുവരുകൾക്കുള്ളിൽ നിന്ന് പച്ചയായ നാട്ടുമ്പുറങ്ങളിലെ പാടവരമ്പുകളിലേക്ക് ഇറക്കിക്കൊണ്ടുവന്ന വിപ്ലവകാരിയായ കലാകാരനായിരുന്നു അദ്ദേഹം. ഗ്രാമീണ ജീവിതത്തിന്റെ നന്മയും തനിമയും ക്രൂരതയും ഒരേപോലെ വെള്ളിത്തിരയിൽ പകർത്തിയ അദ്ദേഹം സംവിധായകൻ എന്നതിനപ്പുറം തിരക്കഥാകൃത്തായും നിർമ്മാതാവായും നടനായും സിനിമാലോകത്ത് തിളങ്ങിനിന്നു. തമിഴ്‌നാട്ടിലെ തേനിക്കടുത്തുള്ള അല്ലിനഗരത്തിൽ 1941 ജൂലൈ 17-ന് ചിന്നസാമി എന്ന പേരിൽ ജനിച്ച അദ്ദേഹം കുട്ടിക്കാലം മുതലേ നാടകങ്ങളിൽ സജീവമായിരുന്നു. 1960-കളിൽ സിനിമാ മോഹവുമായി മദ്രാസിലെത്തിയ ഭാരതിരാജ പ്രശസ്ത സംവിധായകൻ പുട്ടണ്ണ കനഗലിന്റെ സഹായിയായാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്.
1977-ൽ കമൽ ഹാസൻ, രജനീകാന്ത്, ശ്രീദേവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘പതിനാറു വയതിനിലേ’ എന്ന ആദ്യ ചിത്രം തന്നെ തമിഴ് സിനിമയിലെ റിയലിസ്റ്റിക് സിനിമകളുടെ പുതിയൊരു യുഗത്തിന് തുടക്കമിട്ടു. ഇളയരാജയുടെ സംഗീതവും ഭാരതിരാജയുടെ ദൃശ്യഭംഗിയും ചേർന്നപ്പോൾ തമിഴകത്ത് നിരവധി കാലാതീതമായ ക്ലാസിക്കുകളാണ് ജനിച്ചത്. ശിവാജി ഗണേശന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ മുതൽ മരിയാതൈ, സൈക്കോളജിക്കൽ ത്രില്ലറായ സിഗപ്പു റോജാക്കൾ, ജാതിവേലിക്കെട്ടുകൾ ചർച്ച ചെയ്ത അലൈകൾ ഓയ് വതില്ലൈ, വേദം പുതിത്, പെൺഭ്രൂണഹത്യ പ്രമേയമാക്കിയ കറുത്തമ്മ തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചു. കറുത്തമ്മ എന്ന ചിത്രത്തിൽ എ.ആർ. റഹ്മാന്റെ സംഗീതത്തിൽ ‘കാട് പൊറ്റ കാട്’ എന്ന ഗാനവും അദ്ദേഹം ആലപിച്ചിട്ടുണ്ട്. തമിഴിന് പുറമെ തെലുങ്കിലും ഹിന്ദിയിലും സിനിമകൾ ചെയ്ത അദ്ദേഹം 1978 മുതൽ അഭിനേതാവായും സജീവമായിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന മലയാള ചിത്രത്തിലാണ് അദ്ദേഹം അവസാനമായി വേഷമിട്ടത്. ആറ് ദേശീയ പുരസ്കാരങ്ങളും നിരവധി സംസ്ഥാന അവാർഡുകളും നേടിയ അദ്ദേഹത്തെ 2004-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 2013-ൽ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.



