അധ്വാനത്തിന്റെ മഹത്വവും നാടിനോടുള്ള പ്രതിബദ്ധതയും ഒരേസമയം നെഞ്ചിലേറ്റിയ ഒരു കാസർകോട്ടുകാരൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കഥ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്. അവധിക്കാലത്ത് വെറുതെയിരിക്കാതെ സ്വന്തം പോക്കറ്റ് മണി കണ്ടെത്താനായി വീടുകളിലെ വാട്ടർ ടാങ്കുകൾ വൃത്തിയാക്കാനും, അതോടൊപ്പം തന്റെ നാടിന്റെ പൊതുവഴികളും പൊതുസ്വത്തുക്കളും സ്വയം മുൻകൈയെടുത്ത് ശുചീകരിച്ച് പരിപാലിക്കാനും ഇറങ്ങിത്തിരിച്ച കാസർകോട് പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ ജിസൺ എന്ന മിടുക്കൻ ഇന്ന് കേരളത്തിന് തന്നെ വലിയൊരു മാതൃകയാണ്. താൻ ചെയ്യുന്ന ഈ നല്ല പ്രവർത്തനങ്ങളെല്ലാം ജിസൻ സ്വന്തം സോഷ്യൽ മീഡിയ പേജിലൂടെ നിരന്തരം ജനങ്ങളിലേക്ക് പങ്കുവെക്കാറുണ്ടായിരുന്നു. നാടിന് ഉപകാരപ്രദമായ രീതിയിൽ ഈ വിദ്യാർത്ഥി നടത്തുന്ന കഠിനാധ്വാനത്തിന്റെ ദൃശ്യങ്ങൾ ജിസന്റെ സോഷ്യൽ മീഡിയ പേജിലൂടെ വൈറലായതോടെയാണ് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ഈ വിവരങ്ങൾ ശ്രദ്ധിച്ചതും ജിസനെ നേരിട്ട് ഫോണിൽ വിളിച്ച് സർപ്രൈസ് അഭിനന്ദനം അറിയിച്ചതും.
സാധാരണയായി വിദ്യാർത്ഥികൾ ഇത്തരം ജോലികൾ ചെയ്യാൻ മടിച്ചുനിൽക്കുന്ന നമ്മുടെ നാട്ടിൽ, വിദേശരാജ്യങ്ങളിൽ പഠനത്തോടൊപ്പം ജോലി ചെയ്യുന്ന കുട്ടികളുടെ അതേ ആത്മവിശ്വാസത്തോടെയും സ്വയംപര്യാപ്തതയോടെയും മുന്നോട്ടുവന്ന ജിസനെ മന്ത്രി ഫോൺ കോളിലൂടെ ഹൃദയപൂർവ്വം അഭിനന്ദിക്കുകയും, അവന്റെ ഈ നിലപാട് സംസ്ഥാനത്തെ മുഴുവൻ കുട്ടികൾക്കും വലിയൊരു പ്രചോദനമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ജിസന്റെയും അവന്റെ മാതാപിതാക്കളുടെയും ഈ മാതൃകാപരമായ തീരുമാനത്തെ പ്രശംസിച്ച മന്ത്രി മോൻസ് ജോസഫ്, അടുത്ത തവണ കാസർകോട് സന്ദർശിക്കുമ്പോൾ ഈ മിടുക്കനെ നേരിട്ട് വന്നു കാണുമെന്ന ഉറപ്പോടെയും ഹൃദ്യമായ ആശംസകളോടെയുമാണ് തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.



