പടിഞ്ഞാറൻ സൗദിയിലെ ത്വാഇഫ് നഗരം ലക്ഷ്യമാക്കി യെമനിലെ ഹൂതി ഭീകരർ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈൽ വ്യോമ പ്രതിരോധ സേന വിജയകരമായി തടഞ്ഞു തകർത്തതായി സഖ്യസേന ഔദ്യോഗികമായി അറിയിച്ചു. യെമനിലെ നിയമപരമായ ഭരണകൂടത്തെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് പുറമെ, ചൊവ്വാഴ്ച റിയാദ് ലക്ഷ്യമാക്കി ഹൂതി ഭീകരർ അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും വ്യോമസേന വിജയകരമായി തടഞ്ഞു നശിപ്പിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച റിയാദിൽ മിസൈലുകൾ തകർത്തതിനെ തുടർന്ന് അവശിഷ്ടങ്ങൾ പതിച്ച് ഒരു കെട്ടിടത്തിനും നിർമ്മാണത്തിലിരിക്കുന്ന പദ്ധതിക്കും ഒരു വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിരുന്നു. സൗദി പ്രതിരോധ സേന മിസൈലുകൾ ആകാശത്തുവെച്ച് തകർത്തതോടെയാണ് അവശിഷ്ടങ്ങൾ നഗരത്തിൽ പതിക്കാൻ ഇടയായത്. വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ നടപടികളും മുൻകരുതലുകളും പൂർത്തിയാക്കി സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയതായി ഔദ്യോഗിക വക്താവ് അറിയിച്ചു.



