യെമൻ പ്രധാനമന്ത്രി ഷയ അൽ സിന്ദാനിയും മന്ത്രിമാരും ഹൂതികളുടെ ശക്തമായ മിസൈൽ ആക്രമണത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഏദനിലെ അൽ-മാഷിഖ് പ്രസിഡൻഷ്യൽ കൊട്ടാരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണസമയത്ത് പ്രധാനമന്ത്രിയും മറ്റ് ഉന്നത മന്ത്രിമാരും കൊട്ടാരത്തിൽ ഉണ്ടായിരുന്നുവെന്നും അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായും യെമൻ സർക്കാർ സ്ഥിരീകരിച്ചു. അതേസമയം ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
കൊട്ടാരത്തിൽ പ്രവർത്തിക്കുന്ന സൗദി സൈനിക ആസ്ഥാനമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ആക്രമണത്തിന് ശേഷം ഹൂതി വക്താക്കൾ പ്രസ്താവിച്ചു. സൗദി സൈനിക സന്നാഹങ്ങൾ നിലനിൽക്കുന്ന എല്ലാ കേന്ദ്രങ്ങളും തങ്ങളുടെ ആക്രമണ പരിധിയിലായിരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ, ഹൂതികളുടെ നടപടി യുദ്ധക്കുറ്റകൃത്യമാണെന്ന് സൗദി അറേബ്യ വിമർശിച്ചു. സിവിലിയൻ കേന്ദ്രങ്ങൾക്കും വിമാനത്താവളങ്ങൾക്കും പുറമെ മക്ക, മദീന തുടങ്ങിയ പുണ്യനഗരങ്ങളെയും തീർത്ഥാടകരെയും ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം നടത്തുന്നതായി സൗദി ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി വലീദ് എൽഖെരിജി ആരോപിച്ചു. ഇത്തരം ആക്രമണങ്ങൾ തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും യെമൻ സർക്കാരിന് പൂർണ്ണ പിന്തുണ നൽകുമെന്നും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.



