എസ്.ഐ.ആർ വിവാദങ്ങളും പ്രതിഷേധങ്ങളും കൊടുമ്പിരിക്കൊള്ളുന്നതിനിടെ, കേരളം ഉൾപ്പെടെയുള്ള 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടർപട്ടിക പുതുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. സമഗ്ര വോട്ടർപട്ടിക പരിഷ്കരണം പൂർത്തിയായ പ്രദേശങ്ങളിലാണ് ഈ പുതുക്കൽ നടപടികൾ നടക്കുക. വരും മാസങ്ങളിൽ ആരംഭിക്കുന്ന നടപടികളുടെ ഭാഗമായി നവംബർ 12-ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് ഡിസംബർ 11 വരെ പരാതികളും അവകാശവാദങ്ങളും ഉന്നയിക്കാൻ പൊതുജനങ്ങൾക്ക് അവസരമുണ്ടാകും. എല്ലാ പരിശോധനകൾക്കും ശേഷം അന്തിമ വോട്ടർപട്ടിക 2027 ജനുവരി നാലിന് പുറത്തിറക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്.
അടുത്ത വർഷം മേയ് 22-ന് കാലാവധി അവസാനിക്കുന്ന 403 അംഗ ഉത്തർപ്രദേശ് നിയമസഭയ്ക്ക് പുറമെ മണിപ്പൂർ, ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ എസ്.ഐ.ആർ നയങ്ങൾക്കെതിരെ രാജ്യത്തുടനീളം തെരുവ് പ്രതിഷേധങ്ങളും ശക്തമായ നിയമപോരാട്ടങ്ങളും തുടരുന്ന സാഹചര്യത്തിലാണ് വോട്ടർപട്ടിക പുതുക്കലുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട്ട് പോകുന്നത്.



