അമേരിക്കൻ മുന്നറിയിപ്പുകൾക്ക് ശക്തമായ മറുപടിയുമായി ഇറാൻ രംഗത്തെത്തി. അമേരിക്ക മേഖല വിട്ടുപോകണമെന്നും ആക്രമണത്തിന് തുനിഞ്ഞാൽ കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ ആവശ്യപ്പെട്ടു. ഇനി പ്രദേശത്തെ സുരക്ഷാ ക്രമങ്ങൾ ഇറാൻ നിശ്ചയിക്കുമെന്ന് ഇറാൻ പാർലമെന്റ് ദേശീയ സുരക്ഷാ കമ്മീഷൻ മേധാവി വ്യക്തമാക്കി. അമേരിക്കയുടെ വർധിച്ചുവരുന്ന കടഭാരത്തിൽ നിന്നും ഉയർന്ന പലിശ നിരക്കുകളിൽ നിന്നും ജന ശ്രദ്ധ തിരിക്കാനാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആരോപിച്ചു. ഇത്തരം പരാജയപ്പെട്ട നയങ്ങൾ അമേരിക്കയെ കൂടുതൽ തകർച്ചയിലേക്ക് മാത്രമേ നയിക്കൂ എന്നും, യുഎസിന്റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും ഭീഷണിയാണെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
ഇറാനെ സഹായിക്കുന്നതോ വ്യാപാരബന്ധം പുലർത്തുന്നതോ ആയ രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവും നടപടികളും സ്വീകരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രതികരണം. മുൻപെങ്ങുമില്ലാത്തവിധം ശക്തമായ സാമ്പത്തിക യുദ്ധമായിരിക്കും ഇറാനുമായി ബന്ധം പുലർത്തുന്നവർ നേരിടേണ്ടി വരികയെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഒരു ധാരണയിലെത്താൻ ഇറാന് താൻ മികച്ച അവസരം നൽകിയെങ്കിലും അവർ അത് പ്രയോജനപ്പെടുത്തിയില്ലെന്നും, വലിയ സാമ്പത്തിക ഒറ്റപ്പെടലായിരിക്കും ഇനി ഇറാനെ കാത്തിരിക്കുന്നതെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെ ട്രംപ് വ്യക്തമാക്കിയിരുന്നു.



