ഉസൈൻ ബോൾട്ടിന്റെ വേഗതയുടെ റെക്കോർഡ് മറികടന്ന് ചൈനീസ് ഹ്യൂമനോയിഡ് റോബോട്ട് ഓട്ടത്തിൽ പുതിയ ചരിത്രം കുറിച്ചു. പ്രമുഖ ചൈനീസ് റോബോട്ടിക്സ് കമ്പനിയായ ‘യൂണിട്രീ’ വികസിപ്പിച്ചെടുത്ത ‘സൂപ്പർമാൻ’ എന്ന ഹ്യൂമനോയിഡ് റോബോട്ടാണ് ഈ നേട്ടം കൈവരിച്ചത്. സെക്കൻഡിൽ 12.66 മീറ്റർ, അതായത് മണിക്കൂറിൽ ഏകദേശം 45.6 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2009-ൽ ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 100 മീറ്റർ മത്സരത്തിനിടെ ഉസൈൻ ബോൾട്ട് കൈവരിച്ച പരമാവധി വേഗതയായ സെക്കൻഡിൽ 12.42 മീറ്റർ എന്ന റെക്കോർഡാണ് ഈ ചൈനീസ് നിർമ്മിത റോബോട്ട് തകർത്തത്. അതിവേഗ ഓട്ടത്തിന് പുറമേ നിന്ന നിൽപ്പിൽ രണ്ട് മീറ്റർ ഉയരത്തിൽ ചാടാനും ഇതിന് കഴിയും.
വെറും മൂന്ന് മാസത്തിനുള്ളിലാണ് ‘സൂപ്പർമാൻ’ റോബോട്ട് വികസിപ്പിച്ചെടുത്തതെന്നും ഇതിന്റെ ശേഷി ഇനിയും മെച്ചപ്പെടുത്താൻ സാധിക്കുമെന്നും യൂണിട്രീ വ്യക്തമാക്കി. ഹങ്ഷൂ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഇതിനോടകം പതിനെണ്ണായിരത്തോളം ഹ്യൂമനോയിഡ് റോബോട്ടുകളെ നിർമ്മിച്ചിട്ടുണ്ട്. ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായാണ് ഈ സാങ്കേതികവിദ്യയുടെ വീഡിയോ യൂണിട്രീ പുറത്തുവിട്ടത്. എന്നാൽ ബോൾട്ടിന്റെ പൂർണ്ണമായ ഒരു റേസുമായിട്ടല്ല, മറിച്ച് പരമാവധി ഓട്ട വേഗതയുടെ അടിസ്ഥാനത്തിലാണ് ഈ താരതമ്യമെന്നും ഇതിന് സ്വതന്ത്ര ഏജൻസികളുടെ സ്ഥിരീകരണം ആവശ്യമാണെന്നും വിദഗ്ദ്ധർ നിരീക്ഷിക്കുന്നു.



