ഒമാനിലെ വടക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ വിവിധ വിലായാത്തുകളിൽ കനത്ത മഴ പെയ്തതായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പെട്ടെന്നുണ്ടായ ശക്തമായ മഴയെ തുടർന്ന് പ്രദേശത്തെ പ്രമുഖ താഴ്‌വരകളിലും വാദികളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇബ്ര വിലായാത്തിലെ അൽ ഹൈമ, ഖഫീഫ, ജാദ്യ എന്നീ ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും പെയ്ത മഴയിൽ നിരവധി വാദികൾ നിറഞ്ഞു കവിഞ്ഞു. അൽ മുദൈബിയിലെ സമദ് അൽ ഷാൻ, അൽ റൗദ, ബാദ്, ഖദ്ര ബനി ദിഫ, അൽ ഐനൈൻ, അൽ ഫതഹ് എന്നിവിടങ്ങളിൽ ശക്തമായ മഴ രേഖപ്പെടുത്തിയപ്പോൾ അന്ദാം, അൽ ഫലിജ്, ഗബ്‌റത് അൽ വാഫി എന്നീ പ്രദേശങ്ങളിലെ വാദികളിൽ വലിയ കുത്തൊഴുക്ക് അനുഭവപ്പെട്ടു.
ബിദിയയിലെ അൽ റാക്ക, അൽ വാസിൽ, അൽ ദാഹിർ ഗ്രാമങ്ങളിലും മഴ കനത്തതോടെ താഴ്‌വരകൾ നിറഞ്ഞൊഴുകി. അൽ ഖാബിലിലെ വാദി നാം ഗ്രാമങ്ങളിലെ സുഖ, അൽ സർം, സുവാ, ഷന്ന, അൽ അഖീദ തുടങ്ങിയ വാദികളിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. ഇതിനുപുറമേ ദിമ വ അത്തായീനിൽ വാദി സംഹാൻ, വാദി അൽ ഖബാഹ്, വാദി അൽ ദിറ തുടങ്ങിയ പ്രമുഖ താഴ്‌വരകളും കവിഞ്ഞൊഴുകി. വരും മണിക്കൂറുകളിൽ ജാഗ്രത പാലിക്കണമെന്നും വാദികളുടെ തീരങ്ങളിൽ ഉള്ളവരും വാഹനമോടിക്കുന്നവരും യാതൊരു കാരണവശാലും ജലപാതകൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



