India Mirror News

നീറ്റ് ക്രമക്കേട്: വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലെ സമരം 17-ാം ദിവസത്തിലേക്ക്; സോനം വാങ്ചുക്കിന്റെ നിരാഹാരം ഒൻപതാം ദിവസത്തിൽ

നീറ്റ് ക്രമക്കേട്: വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിലെ സമരം 17-ാം ദിവസത്തിലേക്ക്; സോനം വാങ്ചുക്കിന്റെ നിരാഹാരം ഒൻപതാം ദിവസത്തിൽ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിലും ചോദ്യപേപ്പർ ചോർച്ചയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) ജന്തർ മന്തറിൽ നടത്തുന്ന സമരം പതിനേഴാം ദിവസത്തിലേക്ക് കടന്നു. ജൂൺ 20-ന് ആരംഭിച്ച സമരം ആഴ്ചകൾ പിന്നിട്ടിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതിനിടെ, സമരപ്പന്തലിൽ സിജെപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം ഒൻപതാം ദിവസത്തിലെത്തി. ദിവസങ്ങൾ നീണ്ട ഉപവാസത്തെ തുടർന്ന് വാങ്ചുക്കിന്റെ ശരീരഭാരം ആറ് കിലോയോളം കുറഞ്ഞ് 60.95 കിലോഗ്രാമിൽ എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും ക്രമാതീതമായി കുറയുകയാണെന്നും എന്നാൽ ഹൃദയമിടിപ്പ് സാധാരണ നിലയിലാണെന്നും ഡോക്ടർമാർ പുറത്തുവിട്ട മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ മന്ത്രി രാജിവെക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെയും സോനം വാങ്ചുക്കും ആവർത്തിച്ചു. വാങ്ചുക്കിനെപ്പോലെ രാജ്യത്തിനായി ജീവിതം സമർപ്പിച്ച ഒരാൾ പട്ടിണി കിടക്കുമ്പോൾ മറുപടി നൽകാൻ സർക്കാർ ബാധ്യസ്ഥരാണെന്ന് ദീപ്‌കെ ഓർമ്മിപ്പിച്ചു.

വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കഴിഞ്ഞ ശനിയാഴ്ച സിജെപി പ്രവർത്തകർ വീണ്ടും കത്തയച്ചിരുന്നു. തങ്ങളുടെ ശബ്ദം എത്രനാൾ അവഗണിക്കുമെന്നും പ്രധാനമന്ത്രി എന്തുകൊണ്ടാണ് മൗനം പാലിക്കുന്നതെന്നും കത്തിലൂടെ അവർ ചോദ്യം ഉന്നയിച്ചു. നീറ്റ് പരീക്ഷാ വിവാദങ്ങളെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ട് ഇവർ മുൻപും കത്തയച്ചിരുന്നു. ഇതിനിടെ, സമരത്തിന് പിന്തുണയുമായി നിരവധി പ്രമുഖർ ജന്തർ മന്തറിലേക്ക് എത്തുന്നുണ്ട്. നീറ്റ് പരീക്ഷാ തട്ടിപ്പിൽ മനംനൊന്ത് ജീവനൊടുക്കിയ ഉത്തരാഖണ്ഡ് സ്വദേശിനി റിയാ കുമാരിയുടെ പിതാവും കാർഗിൽ യുദ്ധ പോരാളിയുമായ മുൻ സൈനികൻ രാജേഷ് ഥാപ്പ കഴിഞ്ഞ ഞായറാഴ്ച സമരപ്പന്തലിൽ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പാളിച്ചകളാണ് തന്റെ മകളുടെ ജീവനെടുത്തതെന്നും ഇനിയൊരു കുടുംബത്തിനും ഈ ഗതി വരാതിരിക്കാനാണ് താൻ സമരത്തിനൊപ്പം നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യസഭാ എംപിമാരായ ജോൺ ബ്രിട്ടാസ്, എ.എ റഹീം, സിപിഐ നേതാവ് ആനി രാജ എന്നിവരും സമരവേദി സന്ദർശിച്ചു. ഇടത് വിദ്യാർത്ഥി സംഘടനയായ ഐസയുടെ ആറ് നേതാക്കളും തൊട്ടടുത്ത വേദിയിൽ നിരാഹാര സമരം നടത്തുന്നുണ്ട്. ഇതിൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലിയെ കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയിലേക്ക് മാറ്റി.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *