India Mirror News

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഇന്ന് കാസർകോടും ബുധനാഴ്ച പത്തനംതിട്ടയിലും സർവീസുകൾ മുടങ്ങും

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്; ഇന്ന് കാസർകോടും ബുധനാഴ്ച പത്തനംതിട്ടയിലും സർവീസുകൾ മുടങ്ങും

കാസർകോട്: സംസ്ഥാനത്ത് കെഎസ്ആർടിസി ബസുകളിൽ നടപ്പിലാക്കിയ ‘പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി’ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖല പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ആദ്യപടിയായി കാസർകോട് ജില്ലയിലെ സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കും. ഇതിന് പുറമെ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിൽ ഇന്ന് കളക്ടറേറ്റിലേക്ക് മാർച്ചും സംഘടിപ്പിക്കുന്നുണ്ട്. പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ കർണാടകയുമായി ബന്ധിപ്പിക്കുന്ന ഏഴോളം അന്തർ സംസ്ഥാന റൂട്ടുകളിൽ ഉൾപ്പെടെ സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. പ്രത്യേകിച്ച് സ്ത്രീ യാത്രക്കാർ പൂർണ്ണമായും കെഎസ്ആർടിസിയെ ആശ്രയിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്.

ദിവസേന വെറും 115 രൂപ മാത്രമാണ് സർക്കാരിൽ നിന്ന് ഇപ്പോൾ ഇവർക്ക് ലഭിക്കുന്നത്. ഓരോ ബസിനും പ്രതിദിനം മൂവായിരം രൂപയോളമാണ് നഷ്ടം സംഭവിക്കുന്നതെന്നും ഇതിനാൽ ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ കഴിയാത്ത അവസ്ഥയിലാണെന്നും ഉടമകൾ വ്യക്തമാക്കുന്നു. കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വെറും മൂന്ന് റൂട്ടുകൾ മാത്രമാണ് കാസർകോട് ജില്ലയിലുള്ളത്. എന്നാൽ അവയെല്ലാം 15 മുതൽ 18 രൂപ വരെ മാത്രം ടിക്കറ്റ് നിരക്ക് വരുന്ന ചെറിയ ദൂരങ്ങളായതിനാൽ അവിടെയും സർവീസ് ലാഭകരമല്ല. സാമ്പത്തിക ബാധ്യത രൂക്ഷമായതോടെ ജില്ലയിലെ പല ബസുകളും ഇതിനോടകം തന്നെ സർവീസ് അവസാനിപ്പിച്ചു കഴിഞ്ഞു.

കാസർകോടിന് പുറമെ മറ്റ് ജില്ലകളിലേക്കും ബസ് സമരം വ്യാപിക്കുകയാണ്. ബുധനാഴ്ച പണിമുടക്കാൻ പത്തനംതിട്ട ജില്ലയിലെ സ്വകാര്യ ബസ് ഉടമകളും തീരുമാനിച്ചിട്ടുണ്ട്. ഇവിടുത്തെ പ്രധാന റൂട്ടുകളിലെല്ലാം ബസ് സർവീസുകൾ കനത്ത നഷ്ടത്തിലായതോടെ ജീവനക്കാരിൽ പലരും മറ്റ് തൊഴിലുകൾ തേടിപ്പോകുന്ന സാഹചര്യമാണുള്ളത്. കൂടാതെ തൃശൂർ ജില്ലയിലെ ബസുകളും കൂട്ടത്തോടെ സർവീസ് അവസാനിപ്പിക്കാൻ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിന് മുന്നോടിയായി വയനാട് ജില്ലയിൽ കഴിഞ്ഞ ജൂൺ അവസാനം സ്വകാര്യ ബസുകൾ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. സൗജന്യ യാത്രാ പദ്ധതി മൂലം സ്വകാര്യ ബസ് വ്യവസായത്തിനുണ്ടായ കനത്ത നഷ്ടം നികത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ബസ് ഉടമകളും ജോലി നഷ്ടപ്പെടുന്ന അവസ്ഥയിലുള്ള ആയിരക്കണക്കിന് തൊഴിലാളികളും ഒരുപോലെ ആവശ്യപ്പെടുന്നത്.

administrator

Related Articles

Leave a Reply

Your email address will not be published. Required fields are marked *