അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ വെള്ളിശേഖരം പരിശോധനയ്ക്കായി ഹൈദരാബാദിലേക്ക് അയച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവിധ രൂപങ്ങളിലുള്ള 900 കിലോ വെള്ളിയാണ് സെക്യൂരിറ്റി പ്രിന്റിംഗ് ആൻഡ് മിന്റിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ എത്തിച്ചത്. കനത്ത സുരക്ഷയോടെ ഇത്രയും വലിയ അളവിൽ വെള്ളി ഹൈദരാബാദിലേക്ക് എത്തിക്കാൻ ഒരു ലക്ഷം രൂപയും, ലോഹത്തിന്റെ പരിശുദ്ധി പരിശോധിച്ച് കട്ടികളാക്കി രൂപമാറ്റം വരുത്താൻ 20 ലക്ഷം രൂപയും ഉൾപ്പെടെ ലക്ഷക്കണക്കിന് രൂപ ഇതിനായി ചെലവഴിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. വെള്ളിയുടെ മാറ്റ് പരിശോധിച്ചതിന് സമാനമായി ക്ഷേത്രത്തിലെ സ്വർണ്ണശേഖരവും ഇത്തരത്തിൽ പരിശോധിച്ചിട്ടുണ്ടോ എന്ന് പോലീസ് വിലയിരുത്തും. ഇതിനിടെ, ഒന്നരമാസം മുമ്പ് അയോധ്യയിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നതതല സുരക്ഷാ റിവ്യൂ സംഘടിപ്പിച്ചിരുന്നെങ്കിലും മറ്റു സ്ഥലങ്ങളിലെല്ലാം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചപ്പോൾ കൗണ്ടിംഗ് റൂമിൽ ഒരു സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനെ മാത്രമാണ് നിയമിച്ചതെന്നും അവിടെ എക്‌സ്‌റേ മെഷീൻ പോലും ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലെ പ്രധാന സമുച്ചയത്തിൽ ഭക്തർ നൽകുന്ന വിലപിടിപ്പുള്ളതും അമൂല്യവുമായ ആഭരണങ്ങൾ സംഭാവനയായി നിക്ഷേപിക്കാനും അതിനുള്ള റസീറ്റുകൾ കൃത്യമായി കൈമാറാനും പ്രത്യേക സംവിധാനം ഒരുക്കണമെന്ന് 2024 നവംബറിലും 2025 മാർച്ചിലും ചേർന്ന ട്രസ്റ്റ് യോഗങ്ങളിൽ ചർച്ച നടന്നിരുന്നു. ഭക്തരുടെ വിശ്വാസം പൂർണ്ണമായി തിരിച്ചുപിടിക്കുന്നതിനായി സംഭാവനകൾ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തുന്നതിനും നിക്ഷേപിക്കുന്നതിനും സുതാര്യമായ പുതിയ സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ചേരുന്ന ട്രസ്റ്റ് യോഗത്തിൽ ചില അംഗങ്ങൾ വീണ്ടും ഉന്നയിച്ചേക്കുമെന്നാണ് സൂചന.



