ലക്നൌ: ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ കാശി വിശ്വനാഥ ക്ഷേത്ര സമുച്ചയത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് അബദ്ധത്തിൽ പൊട്ടി മൂന്ന് പേർക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശ് പ്രവിശ്യാ ആംഡ് കോണ്‍സ്റ്റാബുലറിയിലെ (പിഎസി) ഒരു ഉദ്യോഗസ്ഥന്റെ കൈവശമുണ്ടായിരുന്ന സര്‍വീസ് തോക്കില്‍ നിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. സുരക്ഷാ ഡ്യൂട്ടിക്കിടെ തോക്ക് അബദ്ധത്തില്‍ താഴെ വീഴുകയും ഈ സമയത്ത് ഉഗ്ര ശബ്ദത്തോടെ വെടിപൊട്ടുകയുമായിരുന്നു. നിലത്തുണ്ടായിരുന്ന ലോഹഭാഗത്ത് (മെറ്റൽ) വെടിയുണ്ട പതിച്ചതിനെ തുടർന്ന് അതിന്റെ ചീളുകൾ തെറിച്ചുവീണാണ് സമീപത്തുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ വിദഗ്ധ ചികിത്സയ്ക്കായി അടുത്തുള്ള ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിൽ വച്ചുണ്ടായ അപ്രതീക്ഷിത സംഭവത്തെക്കുറിച്ച് സുരക്ഷാ ഉദ്യോഗസ്ഥരും പോലീസും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
You can share this post!
administrator



