യുക്രെയ്നിൽ സാധാരണ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് റഷ്യ കനത്ത മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ തുടരുന്നു. വ്യാഴാഴ്ച റഷ്യ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ മുപ്പതിലേറെ പേർ കൊല്ലപ്പെടുകയും തൊണ്ണൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇതിന് പിന്നാലെ വടക്കൻ യുക്രെയ്നിൽ ഇന്നലെ രാത്രിയിലുണ്ടായ ആക്രമണത്തിൽ നാല് പേർ കൂടി കൊല്ലപ്പെട്ടതായി പ്രസിഡന്റ് വ്ളോദിമിർ സെലൻസ്കി സ്ഥിരീകരിച്ചു. യുക്രെയ്ന് പുറമെ പോളണ്ടിനെക്കൂടി ആക്രമിക്കാൻ റഷ്യ പദ്ധതിയിടുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുക്രെയ്ൻ സ്റ്റേറ്റ് എമർജൻസി സർവീസിന്റെ റിപ്പോർട്ടുകൾ പ്രകാരം ഇത്തവണ റഷ്യൻ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യം തലസ്ഥാന നഗരമായ കീവ് ആയിരുന്നു. നഗരം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അതിതീവ്രമായ ആക്രമണമാണ് നേരിട്ടതെന്ന് കീവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ വ്യക്തമാക്കി. കനത്ത ബോംബാക്രമണത്തിൽ തലസ്ഥാനത്തെ നിരവധി ബഹുനില കെട്ടിടങ്ങളാണ് തകർന്നു വീണത്.
കീവ് നഗരത്തിലെ ഇരുപതിലധികം സ്ഥലങ്ങളിലാണ് റഷ്യൻ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളുണ്ടായത്. തകർന്നവയിൽ ഭൂരിഭാഗവും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന പാർപ്പിട മേഖലകളാണ്. ഇതിന് പുറമെ ആംബുലൻസ് സ്റ്റേഷൻ, ഗവേഷണ സ്ഥാപനം, ഹോട്ടൽ, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവയ്ക്കും മിസൈൽ ആക്രമണത്തിൽ കനത്ത കേടുപാടുകൾ സംഭവിച്ചതായി സെലൻസ്കി വ്യക്തമാക്കി. ഒരൊറ്റ രാത്രി കൊണ്ട് റഷ്യ എഴുപതിലധികം മിസൈലുകളാണ് യുക്രെയ്ന് നേരെ തൊടുത്തുവിട്ടത്. ഇതിൽ പകുതിയോളം വിനാശകാരികളായ ബാലിസ്റ്റിക് മിസൈലുകളായിരുന്നു. കൂടാതെ അഞ്ഞൂറോളം ഡ്രോണുകളും റഷ്യൻ സൈന്യം ആക്രമണത്തിനായി ഉപയോഗിച്ചു. കീവിലെ എല്ലാ ജില്ലകളെയും ഈ വ്യോമാക്രമണം ബാധിച്ചെങ്കിലും ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ഡാർനിറ്റ്സ്കി ജില്ലയിലാണ്. 2022 ഫെബ്രുവരി 24-ന് റഷ്യയുടെ ഏകപക്ഷീയമായ സൈനിക നടപടിയോടെ ആരംഭിച്ച്, പിന്നീട് സമ്പൂർണ്ണ യുദ്ധമായി മാറിയ റഷ്യ-യുക്രെയ്ൻ പ്രതിസന്ധി നിലവിൽ അതീവ സങ്കീർണ്ണമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നത്.



